ഉമ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കൽ ടീം: വെന്റിലേറ്ററിൽ തുടരുന്നു


ഉമ തോമസ് MLAയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ്യസ്ഥിതി സംയുക്ത മെഡിക്കൽ ടീം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രത്യേക വിദഗ്ധ സംഘവുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പൂർവ്വ സ്ഥിതിയിലേക്ക് ഉമാ തോമസ് തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിലാണ് ബന്ധുക്കളും സഹപ്രവർത്തകരും.

അതേസമയം കലൂർ സ്റ്റേഡിയത്തിൽ താത്കാലിക വേദിയിൽ നിന്ന് വീണ് ഉമ തോമസ് MLAയ്ക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. വേദി നി‍ർമിച്ചത് അശാസ്ത്രീയമായാണെന്ന് റിമാൻഡ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.കേസിൽ അഞ്ചുപേരെ പ്രതി ചേർത്തു. മൃദംഗവിഷൻ എം ഡി നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ. പ്രതികളായ ഷമീർ, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ഇന്നലെ മജിസ്ട്രറ്റ് കോടതി ജാമ്യം നൽകി.