അമ്മയെയും മുത്തച്ഛനെയും ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ശ്രീനഗറില്‍ ഒളിവില്‍, അഖിലിനെ പൊലീസ് പിടികൂടി
കുണ്ടറ: പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെ (26) പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാൾ. കൊലപാതകം നടത്തി നാലര മാസങ്ങള്‍ക്കുശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. 2024 ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുത്തച്ഛന് ആന്റണിയെ ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്.
തുടര്‍ന്ന് ഹോംനഴ്സ് ഏജന്‍സി നടത്തുന്ന അമ്മ പുഷ്പലതയെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് പുഷ്പലതയുടെ തലയ്ക്ക് കുത്തി. തുടർന്ന് മരണം ഉറപ്പാക്കാനായി തലയിണകൊണ്ട് പുഷ്പലതയുടെ മുഖത്ത് അമര്‍ത്തി. കൊലയ്ക്കുശേഷം വൈകീട്ട് ആറുവരെ ടി.വി. കണ്ടിരുന്നശേഷമാണ് ഇയാള്‍ നാടുവിട്ടതെന്നു പോലീസ് പറയുന്നു.
അമ്മയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ കൊട്ടിയത്ത് വിറ്റു. തിരുവനന്തപുരം വഴി ഡല്‍ഹിയിലെത്തി ഇവിടെ തന്റെ മൊബൈല്‍ ഫോണും വിറ്റു. ഇവിടെനിന്ന് അമ്മയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് 2,000 രൂപ പിന്‍വലിച്ചശേഷം ശ്രീനഗറിലേക്ക് പോയി. പിന്നീട് ഫോണോ സമൂഹ മാധ്യമങ്ങളോ പ്രതി ഉപയോഗിച്ചില്ല. പിന്നീട് ശ്രീനഗറിലെ വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടുകയായിരുന്നു. ഒരുമാസത്തില്‍ കൂടുതല്‍ എവിടെയും നിന്നില്ല. അടുത്തമാസം ശ്രീനഗറില്‍നിന്ന് നേപ്പാളിലേക്ക് കടക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
കൃത്യംനടന്ന് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസിന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് അഞ്ചുസംഘങ്ങള്‍ രാജ്യംമുഴുവന്‍ നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പൊലീസ് പ്രതിയുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലും ഗോവയിലും കുളു-മണാലി ഭാഗങ്ങളിലും പോലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിമാനത്താവളങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലും വിവരങ്ങള്‍ കൈമാറി. പാസ്പോര്‍ട്ട് തടഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കടകളിൽ ജോലിക്ക് നിന്നിരുന്ന പ്രതി സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം അയപ്പിച്ചിരുന്നത്. 25 ദിവസം മുമ്പ് അഖിലിന്റെ അക്കൗണ്ടിൽ ശ്രീനഗറിൽ നിന്ന് പണം പിൻവലിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീനഗറിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന അഖിലിനെ പിടികൂടിയത്. കുണ്ടറ എസ്.എച്ച്.ഒ വി. അനിൽ കുമാറും സി.പി.ഒ അനീഷ്, ആലപ്പുഴയിൽനിന്നുള്ള സി.പി.ഒ നിഷാദ് എന്നിവർ ശ്രീനഗറിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതിയെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും.