കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു, ഒന്നര വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു


ആലപ്പുഴ: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കോളജിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു വാണി അപകടത്തിൽപെട്ടത്.

2023 സെപ്റ്റംബർ 21നാണ് യുവതിയെ കാറിടിച്ചത്. ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.