ഗസ ഏറ്റെടുക്കാം, വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ അടുത്ത 100 ദിവസത്തേക്കുള്ള പദ്ധതി തയ്യാര്‍- ഫലസ്തീന്‍ അതോറിറ്റി



World News


ഗസ ഏറ്റെടുക്കാം, വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ അടുത്ത 100 ദിവസത്തേക്കുള്ള പദ്ധതി തയ്യാര്‍: ഫലസ്തീന്‍ അതോറിറ്റി

ജെറുസലേം: ഗസയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ഇസ്രഈലും ഹമാസും ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് മഹ്‌മൂദ് അബ്ബാസിന്റെ പ്രസ്താവന.

ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു.

കുടിയിറങ്ങിയവരെ തിരിച്ചെത്തിക്കല്‍, ഗസയുടെ പുനര്‍നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉപരോധിത മേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും മേഖലയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറണമെന്നും മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

കഴിഞ്ഞാഴ്ച ഗസയുടെ തീരപ്രദേശം ഫലസ്തീന്‍ അതോറിറ്റി കൈകാര്യം ചെയ്യണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗസയെ ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പി.എ അറിയിച്ചത്.

നിലവില്‍ ഇസ്രഈല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്നത് ഫതഹ് ആധിപത്യമുള്ള ഫലസ്തീന്‍ അതോറിറ്റിയാണ്. ഗസയുടെ നിയന്ത്രണം കൈയാളിയിരുന്നത് ഹമാസുമാണ്. ഗസയുടെ നിയന്ത്രണം സംബന്ധിച്ച് ഇരുസംഘടനകളും തമ്മില്‍ അവകാശ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.

ബാഹ്യമായ ഇടപെടലുകള്‍ ഒഴിവാക്കി ഗസയുടെ ഭാവി തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഫലസ്തീന്‍ അതോറിറ്റി നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം യുദ്ധാനന്തര ഗസയെ കുറിച്ച് നെതന്യാഹു സര്‍ക്കാരിന് പ്രത്യേകം പദ്ധതികളൊന്നും നിലവിലില്ല. ഇതില്‍ നെതന്യാഹു സര്‍ക്കാരിലെ ഘടകകക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗസയുടെ ഭരണം ആര് ഏറ്റെടുക്കണമെന്നതിലും ഇസ്രഈല്‍ ഒരു നിലപാട് മുന്നോട്ട് വെച്ചിട്ടില്ല.

ഗസയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയും പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ അടുത്ത 100 ദിവസത്തേക്കുള്ള പദ്ധതിയും ധാരണയും മന്ത്രിമാരില്‍ നിക്ഷിപ്തമാണ്. റഫ അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ സഹായവും മുസ്തഫ തേടിയിട്ടുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം, വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 120 ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതുവരെ 46,876 ഫലസ്തീനികള്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,10,642 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlight: Palestinian Authority President Mahmoud Abbas says he is ready to take full responsibility for Gaza




Source link