Kerala News
എം.എന്‍. വിജയന്റെ ആത്മഹത്യ; കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യും
കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എം.എന്‍. വിജയന്റെ ആത്മഹത്യയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യും. എന്ന് ചോദ്യം ചെയ്യണമെന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.
ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കെ. സുധാകരനെ ചോദ്യം ചെയ്യുക. എം.എന്‍. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് കെ.പി.സി.സി അധ്യക്ഷനെ ഉള്‍പ്പെടെ അഭിസംബോധന ചെയ്തുകൊണ്ടാണ് എഴുതിയിരുന്നത്.
കെ. സുധാകരനെ ഈ കത്ത് എം.എന്‍. വിജയന്റെ കുടുംബം വായിച്ച് കേള്‍പ്പിക്കുകയും ചെയ്തിരുന്നു. കത്തില്‍ തന്റെ സാമ്പത്തിക ബാധ്യതയില്‍ പാര്‍ട്ടി പരിഹാരം കാണണമെന്നും 10 ദിവസത്തിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസ് മേധാവിയെ വിവരം അറിയിക്കണമെന്നുമാണ് എം.എന്‍. വിജയന്‍ പറഞ്ഞിരുന്നത്.
ഇക്കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കെ. സുധാകരനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. എം.എന്‍. വിജയന്റെ മരണത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
കെ.കെ. ഗോപിനാഥ്, എന്‍.ഡി. അപ്പച്ചന്‍ എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. കെ.കെ. ഗോപിനാഥിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ചോദ്യം ചെയ്യലിനായി ഹാജരാകുക.
2024 ഡിസംബര്‍ 24നാണ് എന്‍.എം. വിജയന്‍ മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി മരണം ഉറപ്പാക്കിയതിന് ശേഷം ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും എഴുതിയ കത്തുകള്‍ പുറത്തുവന്നത്.
ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.
Content Highlight: MN Vijayan’s suicide; K. Sudhakaran will be questioned