Kerala News
തൃണമൂല്‍ കോണ്‍ഗ്രസ് പി.വി. അന്‍വറിന്റെ തറവാട്ട് സ്വത്തല്ല: കേരള ടി.എം.സി അധ്യക്ഷന്‍
തിരുവനന്തപുരം: സ്വന്തം നേട്ടങ്ങള്‍ക്കായി പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉപയോഗിക്കരുതെന്ന് കേരള ടി.എം.സി അധ്യക്ഷന്‍ സി.ജി. ഉണ്ണി . പി.വി. അന്‍വറിന്റെ തറവാട്ട് സ്വത്തല്ല തൃണമൂല്‍ കോണ്‍ഗ്രസെന്നും സി.ജി. ഉണ്ണി പറഞ്ഞു.
അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം നല്‍കിയത് താത്കാലികമെന്നും ഇല്ലാത്ത കഥകള്‍ പറഞ്ഞ് ആളാകാന്‍ നോക്കരുതെന്നും സി.ജി. ഉണ്ണി പറഞ്ഞു. അന്‍വറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും സി.ജി. ഉണ്ണി അറിയിച്ചു.
വ്യക്തിപരമായ ചെയ്തികള്‍ കൊണ്ട് അന്‍വറിനെതിരെ നടപടികള്‍ ഉണ്ടാകുമ്പോള്‍ അത് മുസ്‌ലിം സമുദായത്തിനെതിരായ നടപടിയാണെന്നാണ് അന്‍വര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. തൃണമൂലിനെ പോലെ മതേതരമായ ഒരു സംഘടനയില്‍ അത് അനുവദിക്കാന്‍ കഴിയില്ല.
ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ പാര്‍ട്ടി പ്രവേശനം നടത്തി 24 മണിക്കൂര്‍ മാത്രമായ ഒരാളെയും ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി. ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ പോകുകയാണ്, രാജ്യസഭാ എം.പിയാകും, തനിക്ക് കാബിനറ്റ് റാങ്ക് തരും തുടങ്ങിയ അന്‍വറിന്റെ വാദങ്ങള്‍ ടി.എം.സിയില്‍ നടക്കില്ലെന്നും സി.ജി. ഉണ്ണി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം തൃണമൂലിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് പി.വി. അന്‍വര്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ സി.ജി. ഉണ്ണി രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും പി.വി. അന്‍വര്‍ കത്ത് അയച്ചിരുന്നു.
പി.വി. അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് കത്ത് നല്‍കിയിരുന്നില്ല.
എം.എല്‍.എ സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ടി.എം.സിയില്‍ പ്രവേശിക്കാനുണ്ടായ സാഹചര്യവും കത്തില്‍ പറഞ്ഞിരുന്നു. ഏത് സാഹചര്യത്തിലും ടി.എം.സി യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും പി.വി. അന്‍വര്‍ കത്തിലൂടെ ഉറപ്പ് നല്‍കിയിരുന്നു.
പത്ത് പേജുള്ള കത്താണ് അന്‍വര്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് കൈമാറിയത്. അതേസമയം പി.വി. അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ എ.ഐ.സി.സിയുടെ തീരുമാനം നിര്‍ണായകമായിരിക്കും.
Content Highlight: Trinamool Congress PV AnVar’s heritage is not property: Kerala TMC president CG unny