ഹിന്ദുദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചു; എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി

ഹിന്ദുദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചു; എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി

ന്യൂദല്‍ഹി: ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രശസ്ത കലാകാരനായ എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി. ദല്‍ഹി ആര്‍ട്ട് ഗാലറിയായിരുന്ന ഡി.എ.ജയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറ്റകരമാണെന്നും കണ്ടുകെട്ടണമെന്നുമാണ് ദല്‍ഹി കോടതി ഉത്തരവിട്ടത്.

ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറ്റകരമാണെന്നാരോപിച്ച് ദല്‍ഹിയിലെ അഭിഭാഷക അമിതാ സച്ച്‌ദേവ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

ഹരജിയില്‍ പറയുന്നതനുസരിച്ച് വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പെയിന്റിങ്ങ് കണ്ടുകെട്ടണമെന്നും ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.

ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതിയെയും ഹനുമാനെയും സംശയാസ്പദമായ രീതിയിലും മോശം രീതിയിലും ചിത്രീകരിച്ചുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ആര്‍ട്ട് ഗാലറി ഉടമയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഗാലറിയുടെ എക്‌സിബിറ്റുകളില്‍ നിന്ന് പെയിന്റിങ്ങുകള്‍ നീക്കം ചെയ്യണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

ഭാരതീയ ന്യായ സംഹിത പ്രകാരം വിവിധ വകുപ്പുകളാണ് ഹരജിയില്‍ ദല്‍ഹി പട്യാല പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആധുനിക കലാകാരന്മാരില്‍ ഒരാളാണ് എം.എഫ് ഹുസൈന്‍. ഇന്ത്യന്‍ പിക്കാസോ എന്ന വിശേഷണം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

Content Highlight: Hindu gods were depicted with vulgarity; Delhi court orders confiscation of two pictures of MF Hussain




Source link