ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും; പറഞ്ഞത് വിഴുങ്ങി ജനങ്ങളെ പറ്റിക്കുന്നതല്ല എല്‍.ഡി.എഫിന്റെ രീതി- കെ.എന്‍. ബാലഗോപാല്‍
ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും; പറഞ്ഞത് വിഴുങ്ങി ജനങ്ങളെ പറ്റിക്കുന്നതല്ല എല്‍.ഡി.എഫിന്റെ രീതി: കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒന്നു പറയുകയും പ്രതിപക്ഷത്തായാല്‍ മുമ്പ് പറഞ്ഞത് മുഴുവന്‍ വിഴുങ്ങി ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും പറ്റിക്കുന്ന നിലപാടല്ല എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും പങ്കാളിത്ത പെന്‍ഷനും അടക്കമുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനകാര്യ മന്ത്രി.
പ്രതിപക്ഷത്തായിരിക്കുമ്പോഴും ഭരണപക്ഷത്തായിരിക്കുമ്പോഴും ഒരേ നിലപാടു തന്നെയാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്നും ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ ബാധ്യതയാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് പറഞ്ഞ മന്ത്രി നല്ല ജീവനക്കാരും നല്ല സിവില്‍ സര്‍വീസും ഉണ്ടെങ്കിലെ സംസ്ഥാനത്തിന് മുന്നേറാനാകുവെന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും കൂട്ടിച്ചേര്‍ത്തു.
പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, അതിനെ ന്യായീകരിച്ചുക്കൊണ്ട് എന്‍.ജി.ഒ അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ ഒരു പുസതകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ ജീവനക്കാരുടെ ആയുസ് വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളും, അതുമൂലം പെന്‍ഷന്‍ കൊടുക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളാണ് അന്ന് അദ്ദേഹം പുസ്തകത്തിലൂടെ വിവരിച്ചതെന്നും മന്ത്രി പറഞ്ഞു.
അതിനാല്‍ പങ്കാളിത്ത പെന്‍ഷനെ എല്ലാവരും അനുകൂലിക്കണമെന്നതായിരുന്നു പുസ്തകത്തിലൂടെ വിശദീകരിച്ചതെന്നും എന്നാല്‍ ഉറപ്പുള്ള പെന്‍ഷന്‍ (അഷ്വേര്‍ഡ് പെന്‍ഷന്‍) വേണമെന്നതു തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്നും അത് സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഒരു സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ക്ക് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. കാര്യങ്ങളില്‍ ഒരു വ്യക്തത വരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ തേടി
കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുമൊക്കെ പങ്കാളിത്ത പെന്‍ഷനില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിന് അനുമതി നല്‍കയിട്ടില്ല. ഈ സാഹചര്യത്തിലും ഉറപ്പുള്ള പെന്‍ഷന്‍ എന്ന നിലപാടുമായി തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്, മന്ത്രി പറഞ്ഞു.
‘എല്‍.ഡി.എഫ് അധികാരത്തിലില്ലാതായ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സിവില്‍ സര്‍വീസിനുണ്ടായ അപചയം ഒന്നു കണ്ണോടിക്കുന്നത് നല്ലതാണ്. 20,00ത്തില്‍പരം പൊതു സ്‌കൂളുകളുണ്ടായിരുന്ന ബംഗാളില്‍ 8500 എണ്ണം തൃണമൂല്‍ കൊണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടച്ചുപൂട്ടി. അത്രയും സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അധ്യാപകര്‍ക്ക് ജോലിയും നിഷേധിക്കപ്പെട്ടു. ബംഗാളില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ പി.എസ്.സി വഴി 13,000-ല്‍ താഴെ പേര്‍ക്കുമാത്രമാണ് നിയമനം ലഭിച്ചത്.
ത്രിപുരയില്‍ 1.59 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുണ്ടായിരുന്നു. ഏഴ് വര്‍ഷത്തെ ബിജെപി ഭരണത്തിനിടയില്‍ വിമരിച്ച 59,000 ജീവനക്കാരുടെ ഒഴിവില്‍ പകരം നിയമനം നടത്തിയില്ല. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് എന്ന നിലയില്‍ സര്‍ക്കാരുകള്‍ മാറിമാറിവന്നതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസം അടക്കം എല്ലാ മേഖലകളും സംരക്ഷിക്കപ്പെട്ടത്,’മന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷം കഴിഞ്ഞും എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ ഇന്ത്യയാകെ സംസ്ഥാന സിവില്‍ സര്‍വീസ് തകര്‍ക്കപ്പെടുമ്പോഴും കേരളത്തില്‍ അത് ശക്തമായിതന്നെ നിലനില്‍ക്കുന്നതെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നത് മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അത് മുടക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും പറഞ്ഞ മന്ത്രി അതിന്റെ ഫലമായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ധന വിഹിതങ്ങളെല്ലാം കുറയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഇതെല്ലാം മറിക്കടന്നാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുന്നതെന്നും ഇക്കാര്യങ്ങളെല്ലാം കേരളത്തിലെ ജീവനക്കാര്‍ക്ക് ബോധ്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും കൃഷിക്കാരുടെയും തൊഴിലാളികളുടെയുമെല്ലാം ഗ്യാരണ്ടിയെന്നും എല്‍.ഡി.എഫ് ഇല്ലെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കില്ലെന്ന് ബംഗാളും ത്രിപുരയും നല്‍കുന്ന അനുഭവ പാഠങ്ങളില്‍നിന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന ധന വിഹിതങ്ങളിലെ വിവേചനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ചയില്‍ അനുവദിച്ച നികുതി വിഹിതത്തിന്റെ കണക്കില്‍ വ്യക്തമാകുന്നതെന്നും അത് ഒരോ മാസവും കിട്ടേണ്ട തുകയാണ്. എന്നാല്‍, രണ്ടുമാസത്തെ തുകയായി കേരളത്തിന് ലഭിച്ചത് 3330 കോടി രൂപയാണയെന്നും മന്ത്രി പറഞ്ഞു.
അസമിന് അയ്യായിരത്തിലേറെ കോടിയും, ഛത്തീസ്ഗഢിന് ആറായിരത്തിലേറെ കോടിയും, ഒറീസയ്ക്ക് 78,00 കോടി രൂപയും കിട്ടി. രണ്ടുമുന്നു ധനകാര്യ കമ്മീഷനുകള്‍ക്കുമുന്നേയുള്ള കാലത്ത് ഈ സംസ്ഥാനങ്ങള്‍ക്കൊപ്പമുള്ള തുക കേരളത്തിനും ലഭിച്ചിരുന്നു. ഇപ്പോള്‍ അത് പകുതിയായി കുറഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത് കേരളത്തിന് അധിക ധനസഹായം അനുവദിച്ചുവെന്നാണന്നും മന്ത്രി വ്യക്തമാക്കി.
മെഡിസെപ്പ് പദ്ധതി നിര്‍ത്തണമെന്ന അഭിപ്രായം യു.ഡി.എഫിനുണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. വര്‍ഷം 500 കോടി രൂപ പ്രീമിയമായി നല്‍കുമ്പോള്‍ 700 കോടിയോളം രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നതെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ 2000 കോടിയിലേറെ രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
ഇതര ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ 50 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് 50,000 രുപയും അതിനുമുകളിലും പ്രീമിയം നല്‍കണം. എന്നാല്‍, പ്രതിമാസം 500 രൂപ പ്രീമിയത്തില്‍ പ്രായഭേദമില്ലാതെ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഒരു പദ്ധതി ലോകത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. അതില്‍ 101 വയസ് ഉണ്ടായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാടിനും ഇന്‍ഷ്വറന്‍സ് പരിരക്ഷയും സൗജന്യ ചികിത്സയും ലഭിച്ചു. എന്നാല്‍, അത്തരമൊരു പദ്ധതി തുടരേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമെങ്കില്‍ തുറന്നുപറയാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ഞെരുക്കള്‍ക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടുതന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും ജീവനക്കാരോടും സിവില്‍ സര്‍വീസിനോടും ഏറ്റവും അനുഭാവപൂര്‍ണമായ സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് പട്ടാളത്തില്‍പോലും കരാര്‍ നിയമനമായെന്നും അഖിലേന്ത്യാ സര്‍വീസില്‍ ഐ.എ.എസ് കേഡറില്‍പോലും കരാര്‍ നടത്തുന്നുവെന്നും സംസ്ഥാനങ്ങളില്‍ 32 ലക്ഷത്തില്‍പരം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ചൂണ്ടിക്കാട്ടി.
അതിനിടയിലും രാജ്യത്താകെ സംസ്ഥാന പി.എസ്.സികള്‍ നിയമിക്കുന്നതിന്റെ 60 ശതമാനവും കേരളത്തിലാണെന്നത് ആരും കാണാതെ പോകരുതെന്നും നാല്‍പതിനായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
വിവിധ വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാം നടപ്പാക്കിവരുകയാണെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കുടിശികയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നും യു.ഡി.എഫ് സര്‍ക്കാരുകള്‍ ജീവനക്കാരോട് എടുത്ത സമീപനമല്ല എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ എന്ന സംവിധാനം വേണ്ടതില്ലെന്ന അഭിപ്രായവുമില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് ജീവനക്കാരുടെ ശമ്പളം 15 ശതമാനമെങ്കിലും വെട്ടികുറയ്ക്കണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ലേഖനം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് 20 ശതമാനംവരെ ഡി.എ കുടിശിക വരുത്തിയിട്ടുള്ളതായും ശമ്പള കമ്മീഷനെ നിയമിക്കുന്നതിലും അതിന്റെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും ബോധപൂര്‍മായ കാലതാമസം വരുത്തിയിരുന്നെന്നും എന്നാല്‍, കോവിഡ് കാലത്തുപോലും ശമ്പളം പരിഷ്‌കരണം നടപ്പാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ പ്രതിസന്ധി കാലത്തും ശമ്പള പരിഷ്‌കരണം നടപ്പാക്കിയ അപൂര്‍വ സംസ്ഥാനമാണ് കേരളമെന്നും ഇതിന്റെ ഭാഗമായ 20,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാരാണ് ഏറ്റെടുത്തതെന്നും പറഞ്ഞ മന്ത്രി പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഏകദേശം 600 കോടി രൂപ ഈ വര്‍ഷംതന്നെ കൊടുക്കുമെന്നാണ് പറഞ്ഞു.
അത് വിതരണം ചെയ്യുമെന്നും ജീവനക്കാര്‍ക്ക് 30 ദിവസത്തെ ലീവ് സറണ്ടര്‍ ഉറപ്പാക്കിയിട്ടുള്ള ഏക സംസ്ഥാനമാണ് കേരളമെന്നും ഇതൊക്കെയാണെങ്കിലും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും പ്രഖ്യാപിച്ചതിനും അധികമായി കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികളിലാണുള്ളതെന്നും പറഞ്ഞു. അതാണ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന് നല്‍കാനുള്ള ഉറപ്പെന്നും പറഞ്ഞ കാര്യങ്ങളും, അതിലധികവും ചെയ്യുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: All employee benefits will be ensured; LDF’s method is not to swallow what has been said and stick to the people: K.N. Balagopal