സി.ബി.ഐയുടെ പരിഗണനയിലുള്ള കേസില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനാകില്ല; കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണത്തില്‍ കേന്ദ്ര ഏജന്‍സി
സി.ബി.ഐയുടെ പരിഗണനയിലുള്ള കേസില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനാകില്ല; കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണത്തില്‍ കേന്ദ്ര ഏജന്‍സി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്തി സി.ബി.ഐ. പ്രതി സഞ്ജയ് റോയുടെ ജീവപര്യന്തത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ശിക്ഷയില്‍ ഇളവുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ ഇരയുടെ രക്ഷിതാവിനോ അന്വേഷണ ഏജന്‍സിക്കോ മാത്രമേ കഴിയൂവെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. ശിക്ഷയെ ചോദ്യം ചെയ്യാന്‍ പ്രോസിക്യൂട്ടിങ് ഏജന്‍സിക്ക് മാത്രമേ കഴിയൂ എന്നും വിഷയം സി.ബി.ഐ അന്വേഷിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ ദേബാങ്ഷു ബസക്, എം.ഡി ഷബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് സി.ബി.ഐ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സി.ബി.ഐയുടെ വാദത്തെ എതിര്‍ത്തു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
കേസിലെ പ്രാഥമിക എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് സംസ്ഥാനത്തെ പൊലീസാണെന്നും പിന്നീടാണ് കേസ് സി.ബി.ഐക്ക് കൈമാറിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ അപ്പീല്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കുന്നതിന് മുമ്പ് സി.ബി.ഐയും ഇരയുടെ കുടുംബവും നല്‍കിയ നിവേദനങ്ങള്‍ പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ജനുവരി 27ന് കേസ് പരിഗണിക്കും.
തിങ്കളാഴ്ച വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജ്ഞയ് റോയിക്ക് മരണം വരെ തടവും 50,000 രൂപ പിഴയും കൊല്‍ക്കത്ത കോടതി ശിക്ഷ വിധിച്ചിരുന്നു. പിന്നാലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം കുടുംബവും സംസ്ഥാന സര്‍ക്കാരുമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ കാര്യക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
2024 ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. മരിച്ചതിന്റെ പിറ്റേ ദിവസമാണ് ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ യുവഡോക്ടറെ കണ്ടെത്തിയത്.
തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയ് അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ഓഗസ്റ്റ് 18ന് തന്നെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Content Highlight: The government cannot appeal in a case pending before the CBI; Central agency in the death of a young doctor in Kolkata