അമേരിക്ക കൈയൊഴിഞ്ഞ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താന്‍ ചൈന; അധിക ധനസഹായം നല്‍കും



Trending


അമേരിക്ക കൈയൊഴിഞ്ഞ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താന്‍ ചൈന; അധിക ധനസഹായം നല്‍കും

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചൈന. ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ ഇനിയും ചൈനീസ് സര്‍ക്കാര്‍ തുടരുമെന്നും സംഘടനയെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പിന്തുണയ്ക്കുമെന്നും ചൈന അറിയിച്ചു.

സംഘടനയുടെ പങ്ക് ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടതെന്നും അല്ലാതെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും ട്രംപിന്റെ ഉത്തരവിനെ ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് തൊട്ട് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന പുറത്ത് പോവാനുള്ള സുപ്രധാന എക്‌സിക്യൂട്ടീവ് ഇത്തരവില്‍ ട്രംപ് ഒപ്പിട്ടത്.

ഇതിന് പുറമെ സംഘടനയ്ക്ക് അമേരിക്ക നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തിവെക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ ഈ നീക്കം സംഘടനയെയും ആഗോള ആരോഗ്യ സുരക്ഷയെയും ദുര്‍ബലപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

കൊവിഡിന്റെ സമയത്ത് ലോകാരോഗ്യ സംഘടന തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തത്, ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുന്നതില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പരാജയപ്പെട്ടു, യു.എസില്‍ നിന്ന് സംഘടന വലിയ തുക വാങ്ങുന്നു എന്നാല്‍ ചൈന വളരെ കുറച്ച് പണം മാത്രമാണ് നല്‍കുന്നത് എന്നീ കാരണങ്ങളാണ് ഡബ്ല്യു. എച്ച്. ഓയില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ട്രംപ് പറഞ്ഞത്.

2020ലും സംഘടനയ്ക്ക് സഹായം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. അന്ന് ചൈന സംഘടനയ്ക്ക് മൂന്ന് കോടി ഡോളര്‍ അധിക സഹായം നല്‍കിയാണ് ഇതിനോട് പ്രതികരിച്ചത്.

2023ലെ ലോകാരോഗ്യ സംഘടനയുടെ ബജറ്റിന്റെ അഞ്ചിലൊന്ന് അഥവാ ഏകദേശം 1.28 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിന്നാണ്. സംഭാവന നല്‍കുന്ന കാര്യത്തില്‍ എട്ടാമതാണ് ചൈന. കഴിഞ്ഞ വര്‍ഷം അമേരിക്ക 26 കോടി ഡോളറാണ് നല്‍കിയപ്പോള്‍ ചൈന 17.5 കോടി ഡോളറാണ് നല്‍കിയത്. ഇതിന് പുറമെ ലോകാരോഗ്യ സംഘടനയുടെ ഫണ്ട് പരിമിതമായി ലഭിക്കുന്ന ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളായ നമീബിയ, സെനഗല്‍ തുട ങ്ങിയവയ്ക്ക് ചൈന നേരിട്ട് സഹായം നല്‍കുന്നുമുണ്ട്.

പാരിസ് ഉടമ്പടിയില്‍ നിന്ന പിന്മാറിയ യു.എസ് സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചും ചൈനീസ് വക്താവ് പ്രതികരിക്കുകയുണ്ടായി.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണെന്നും ഒരു രാജ്യത്തിനും ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാനോ സ്വന്തമായി പ്രശ്‌നം പരിഹരിക്കാനോ കഴിയില്ലെന്നും ഗുവോ ജിയാകുന്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ സജീവമായി നേരിടാന്‍ എല്ലാ കക്ഷികളുമായും ചേര്‍ന്ന് ചൈന പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlight: China to strengthen the World Health Organization, which the United States abandoned; Additional funding will be provided




Source link