Kerala News
വയനാട് ദുരിതാശ്വാസ ഫണ്ട് മേല്‍ കമ്മിറ്റിയില്‍ നല്‍കിയില്ല; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ കൂട്ട നടപടി
തൃശൂര്‍: വയനാട് ദുരിതാശ്വാസത്തിന് വേണ്ടി പിരിച്ച ഫണ്ട് മേല്‍ക്കമ്മിറ്റികളില്‍ അടക്കാതിരുന്ന തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ കൂട്ട നടപടി. തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ചുതലയുള്ള വി.കെ. ശ്രീകണ്ഠന്‍ എം.പിയാണ് മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുത്തത്.
തിരുവില്ലാമല, കുഴൂര്‍, പൊയ്യ, വരവൂര്‍, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂര്‍, ദേശമംഗലം എന്നീ മണ്ഡലം കമ്മിറ്റികള്‍ക്കെതിരെയാണ് നടപടി. മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പലതവണ അറിയിച്ചിട്ടും നിരുത്തരവാദപരമായ സമീപനമാണ് മണ്ഡലം കമ്മിറ്റികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ കെ. കരുണാകരന്‍ സ്മാരക കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കാത്തതിന്റെ പേരിലും തൃശൂരിലെ ചില മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ ജില്ല നേതൃത്വം നടപടിയെടുത്തിട്ടുണ്ട്. പാഞ്ഞാള്‍, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂര്‍, ആര്‍ത്താറ്റ്, പുന്നയൂര്‍, കോടഞ്ചേരി, മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റികളാണ് ജില്ല നേതൃത്വം പിരിച്ചുവിട്ടത്.
ഇവിടങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപടി സംബന്ധിച്ച് വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തര ഗ്രൂപ്പുകളില്‍ നല്‍കിയ അറിയിപ്പാണ് ഇപ്പോള്‍ ശബ്ദം സന്ദേശമായി പുറത്തു വന്നിട്ടുള്ളത്.
പ്രിയപ്പെട്ട മണ്ഡലം പ്രസിഡന്റുമാരുടെ അറിവിലേക്ക് വി.കെ. ശ്രീകണ്ഠന്‍ എം.പി. ഡി.സി.സി. പ്രസിന്റ് അറിയിക്കുന്നത് എന്ന ആമുഖത്തോടെയാണ് ഈ ശബ്ദ സന്ദേശം ആരംഭിക്കുന്നത്. പിന്നാലെ നടപടി നേരിട്ട മണ്ഡലം കമ്മിറ്റികളുടെ പേരും കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പല തവണ ഫോണ്‍വഴിയും യോഗങ്ങളിലും പ്രസ്തുത ഫണ്ടുകള്‍ അടക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും സസ്‌പെന്റ് ചെയ്യപ്പെട്ട മണ്ഡലം കമ്മിറ്റികളും അവയുടെ പ്രസിഡന്റുമാരും വലിയ അലംഭാവമാണ് കാണിച്ചതെന്ന് വി.കെ. ശ്രീകണ്ഠന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
content highlights: Wayanad Relief Fund not given; Mass action against Congress constituency committees