നിസാര ക്രിമിനൽ കേസുകൾ മറച്ച് വെക്കുന്നത് ജീവനക്കാരെ പിരിച്ച് വിടാനുള്ള മതിയായ കാരണമല്ല; ഹൈക്കോടതി
തിരുവനന്തപുരം: നിസാരമായ കേസുകൾ മറച്ചു വെക്കുന്നത് ജീവനക്കാരെ പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ഡി.കെ. സിങ്ങിന്റേതാണ് ഉത്തരവ്. ജോലിയിൽ പ്രവേശിച്ചപ്പോൾ ഉണ്ടായിരുന്ന രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവച്ചതിന് ജനറൽ റിസർവ് കമാൻഡിങ് എൻജിനിയറിങ് ഫോഴ്സിലെ ജീവനക്കാരനെ പുറത്താക്കിയതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു അദ്ദേഹം.
എൻജിനിയറിങ് ഫോഴ്സിലെ മെക്കാനിക്കൽ ഡ്രൈവറായിരുന്ന ശക്തികുളങ്ങര സ്വദേശി എസ്. ഹരിലാലിനെ പിരിച്ചുവിട്ട നടപടി പരിശോധിക്കാനും ജസ്റ്റിസ് ഡി.കെ സിങ് ഉത്തരവിട്ടു.
ജോലിയിൽ പ്രവേശിച്ചപ്പോൾ നിലവിലുണ്ടായിരുന്ന രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവച്ചെന്ന പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരനെ പിരിച്ചു വിടാൻ കമാൻഡിങ് ഓഫിസർ നടപടിയെടുത്തത്. എന്നാൽ തനിക്കെതിരായ ആക്രമണക്കേസ് ഹൈക്കോടതി റദ്ദാക്കിയതായും റോഡ് ഗതാഗതം തടസപ്പെടുത്തിയെന്ന കേസ് പിഴ അടച്ച് തിർപ്പാക്കിയതായും ഹരിലാൽ വാദിച്ചു. കോളേജ് വിദ്യാർത്ഥിയായിരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത കേസുകളായിരുന്നു അതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
മൈനർ കേസുകൾ വെളിപ്പെടുത്തിയില്ലെന്നത് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ മതിയായ കാരണമില്ലെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളടക്കം പരിശോധിച്ച് കോടതി വിലയിരുത്തി. കൂടാതെ ഹരജിക്കാരനെതിരെ ചുമത്തിയിരുന്ന കേസുകൾ തീർപ്പായതുമാണെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരനെക്കൂടി കേട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാനും കമാൻഡിങ് ഓഫീസർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
Content Highlight: Covering up frivolous criminal cases is not a sufficient reason to fire employees; High Court