national news
മുസ്‌ലിം സുഹൃത്തിനെ കുടുംബം അടിച്ച് കൊന്നു, പിന്നാലെ പെൺകുട്ടിയുടെ അസ്വാഭാവിക മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി ഡി.ജി.പിയോട് ഉത്തരവിട്ട് സുപ്രീം കോടതി
ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി ഡി.ജി.പിയോട് ഉത്തരവിട്ട് സുപ്രീം കോടതി. പെൺകുട്ടിയുടെ ആൺ സുഹൃത്തായ മുസ്‌ലിം യുവാവിനെ കുട്ടിയുടെ കുടുംബം ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ യുവതിയുടെ മരണത്തിൽ മുസ്‌ലിം യുവാവിന്റെ കുടുംബമാണ് കാരണമെന്ന് ആരോപിച്ച് യു.പി പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്.
പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കുടുംബം നേരത്തെ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിന്റെ കുടുംബത്തിനെതിരെ പരാതി നൽകുകയായിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നും മുസ്‌ലിം യുവാവിന്റെ പിതാവ് മാനസികമായി തളർത്തിയതിനാലാണ് പെൺകുട്ടി ഇത് ചെയ്തതെന്നും കുടുംബം അവകാശപ്പെട്ടു. പിന്നാലെ യുവാവിന്റെ പിതാവിനെതിരെ യു.പി പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം അടക്കമുള്ള ക്രിമിനൽ നടപടികൾ ചുമത്തുകയായിരുന്നു.
എന്നാൽ സുപ്രീം കോടതി ഈ നടപടികൾ റദ്ദാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ ബന്ധുവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി മാത്രം കേട്ടാണ് പോലീസ് കേസ് എടുത്തതെന്നും ഇത് ഏകപക്ഷീയമാണെന്നും കോടതി കണ്ടെത്തി.
2022 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ പിതാവും മറ്റുള്ളവരും പെൺകുട്ടിയുടെ വീട്ടിൽ വന്ന് ‘നീ കാരണമാണ് ഞങ്ങളുടെ മകൻ മരിച്ചത്, നീ എന്തുകൊണ്ട് മരിക്കുന്നില്ല’ എന്ന് ചോദിച്ചതിന് പിന്നാലെപെൺകുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുസ്‌ലിം യുവാവിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടിരുന്നു. അതിനെതിരെ യുവാവിന്റെ കുടുംബാംഗങ്ങൾ നൽകിയ കേസ് നിലനിൽക്കുമ്പോഴാണ് പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി ഇവരാണെന്ന് ആരോപിച്ച് കേസ് എടുത്തത്.
പിന്നാലെയാണ് സുപ്രീം കോടതി ഇതിനെതിരെ വിധി പുറപ്പെടുവിച്ചത്. സ്വതന്ത്രവും സമഗ്രവുമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യം വെളിച്ചത്ത് കൊണ്ടുവരാൻ കഴിയൂ എന്നും കോടതി പറഞ്ഞു.
പെൺകുട്ടിയുടെ അസ്വാഭാവിക മരണം അന്വേഷിക്കാൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തർപ്രദേശ് ഡി.ജി.പിയോട് കോടതി നിർദേശിച്ചു.
Content Highlight: Supreme Court directs UP DGP to form SIT to probe unnatural death of girl after suspected relationship with Muslim boy