national news
ബംഗ്ലാദേശിയെന്ന് ആരോപിച്ച് മുസ്‌ലിം വിദ്യാർത്ഥിക്ക് ട്രെയിനിൽ ക്രൂര മർദ്ദനം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബംഗ്ലാദേശിയെന്ന് ആരോപിച്ച് മുസ്‌ലിം വിദ്യാർത്ഥിക്ക് ട്രെയിനിൽ വെച്ച് ക്രൂര മർദ്ദനം. പശ്ചിമ ബംഗാളിലെ സീൽദയിലേക്ക് പോകുന്ന ട്രെയിനിൽ വെച്ചാണ് ആലിയ സർവകലാശാലയിലെ മുസ്‌ലിം വിദ്യാർത്ഥിക്ക് ക്രൂര മർദനം ഏറ്റുവാങ്ങേണ്ടി വന്നത്. 10–12 പേരടങ്ങുന്ന ഒരു സംഘം ഹിന്ദുത്വവാദികൾ യുവാവിനെ ആക്രമിച്ച് അവശനാക്കുകയായിരുന്നു.
ഹുഗ്ലി സ്വദേശിയായ എം. ടെക് വിദ്യാർഥി റെസുൽ ഇസ്‌ലാം മൊണ്ടലിനാണ് മർദനമേറ്റത്. അക്രമികൾ അദ്ദേഹത്തെ മർദിക്കുകയും താടി പിടിച്ചു വലിക്കുകയും തൊപ്പി വലിച്ചൂരുകയും ‘ബംഗ്ലാദേശി’ ആണെന്ന് ആരോപിച്ച് ട്രെയിനിൽ നിന്ന് തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
റെസുൽ ഇസ്‌ലാം തന്റെ നാല് സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലാദേശിലെ ബിശ്വ ഇജ്തെമ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.
ട്രെയിൻ പൈരദംഗ സ്റ്റേഷനിൽ എത്തിയപ്പോൾ, ഒരു യാത്രക്കാരൻ ലഗേജ് റാക്കിൽ നിന്ന് റെസുലിന്റെ ട്രോളി ബാഗ് മാറ്റാൻ ആവശ്യപ്പെട്ടു. ഒരു തർക്കവുമില്ലാതെ റെസുൽ അത് സമ്മതിച്ചു. എന്നാൽ താമസിയാതെ, ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ സീറ്റിൽ നിന്ന് ബലമായി മാറ്റാൻ ശ്രമിച്ചു.
റെസുൽ എതിർത്തപ്പോൾ, അവർ അദ്ദേഹത്തെ ‘ബംഗ്ലാദേശി’ എന്ന് വിളിക്കുകയും ഇന്ത്യയെ ആക്രമിച്ചു എന്ന് ആരോപിക്കുകയും ചെയ്തു. റെസുൽ പറയുന്നതനുസരിച്ച്, അക്രമികളിൽ ഒരാളായ അജയ് അദ്ദേഹത്തെ പരിഹസിച്ചു, ‘നിങ്ങൾ എന്തിനാണ് ബംഗ്ലാദേശിൽ നിന്ന് വന്നത്? ഇന്ത്യ പിടിച്ചെടുക്കാൻ വന്നതാണോ?,’ എന്ന് അജയ് ചോദിച്ചു.
പിന്നാലെ സംഘം റെസുലിന്റെ മുഖത്ത് അടിക്കുകയും താടി വലിക്കുകയും തൊപ്പി ബലമായി ഊരിമാറ്റുകയും ചെയ്തു. ‘അവർ എന്നെ ഒരു മണിക്കൂറോളം ഉപദ്രവിക്കുകയും തല്ലുകയും ചെയ്തു. അവരിൽ ചിലർ ‘അവനെ ഇപ്പോൾ കൊല്ലൂ, ട്രെയിനിൽ നിന്ന് എറിയൂ’ എന്ന് പോലും പറഞ്ഞു,’ റെസുൽ പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ പകർത്താൻ റെസുലിന്റെ സുഹൃത്ത് സാജിദ് മിർസ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോൺ അക്രമികൾ തട്ടിയെടുത്തു. ‘സംഭവം റെക്കോർഡ് ചെയ്താൽ എന്നെ ട്രെയിനിൽ നിന്ന് പുറത്താക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി,’ സുഹൃത്ത് പറഞ്ഞു.
പിന്നാലെ നാട്ടിലെത്തിയ റെസുൽ വൈദ്യചികിത്സ തേടുകയും ഹരിപാൽ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു.
പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന് റെസുലിന്റെ കിടപ്പുരോഗിയായ പിതാവും മുൻ മദ്രസ അധ്യാപകനുമായ റഫീഖുൽ ഇസ്ലാം മൊണ്ടൽ ആവശ്യപ്പെട്ടു. ‘തൊപ്പി ധരിച്ചതിനാലും മുഖത്ത് താടി വളർത്തിയതിനാലും എന്റെ മകനെ അവർ ഇങ്ങനെ തല്ലിച്ചതച്ചു. ഒരു മുസ്‌ലിം ആയതുകൊണ്ട് മാത്രം ആണവൻ ആക്രമണത്തിന് ഇരയായത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Islamophobic Mob Brutally Assaults M.Tech Student, Brands Him ‘Bangladeshi’ on Sealdah Train