വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാവാം; സി.ബി.ഐ കുറ്റപത്രം
കൊച്ചി: വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാവാമെന്ന് സി.ബി.ഐ. കൊച്ചി സി.ബി.ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സി.ബി.ഐ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് സി.ബി.ഐയുടെ നിഗമനം.
കുട്ടികളുടെ അരക്ഷിതമായ ജീവിത സാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണങ്ങളാവാമെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
അതിസങ്കീര്‍ണമായ കുടുംബ പശ്ചാത്തലം, ബാല്യകാല ദുരനുഭവങ്ങള്‍, മതിയായ കരുതല്‍ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാവാമെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫോറന്‍സിക് കണ്ടെത്തലും ആത്മഹത്യ എന്ന നിഗമനത്തിലേക്ക് എത്താനുള്ള കാരണങ്ങളാണ്.
പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് നേരത്തെ സി.ബി.ഐ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് അമ്മ ഒന്നാംപ്രതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
പതിനൊന്നും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെയായിരുന്നു വാളയാറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2017ലാണ് കുട്ടികളെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. മൂത്ത കൂട്ടി ജനുവരിയിലും ഇളയകുട്ടിയെ മാര്‍ച്ചിലുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ ഹരജിക്ക് പിന്നാലെയാണ് സി.ബി.ഐ കേസേറ്റെടുത്തത്. പിന്നാലെ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമായി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
Content Highlight: Death of Walayar girls may be suicide; CBI charge sheet