national news
സൈന്യത്തെക്കുറിച്ചുള്ള പരാമർശം; രാഹുൽ ഗാന്ധി മാർച്ച് 24ന് ഹാജരാകണം, സമൻസ് അയച്ച് ലഖ്‌നൗ കോടതി
ന്യൂദൽഹി: 2022ലെ ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ലഖ്‌നൗ കോടതി. മാർച്ച് 24 ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
2022 ഡിസംബറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് പരാതി നൽകിയത്. ഉദയ് ശങ്കർ ശ്രീവാസ്തവയ്ക്ക് വേണ്ടി അഭിഭാഷകനായ വിവേക് തിവാരിയാണ് പരാതി നൽകിയത്.
ഇന്ത്യയും ചൈനീസ് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് രാഹുൽ ഗാന്ധി 2022 ഡിസംബർ ഒമ്പതിന് നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ സൈനിക സേനയെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് തിവാരി അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സൈന്യത്തെ അപമാനിക്കുന്നതാണെന്നും രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനുള്ള അവരുടെ ധീരമായ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും പരാതിക്കാരനായ ശ്രീവാസ്തവ വാദിച്ചു.
ഈ പ്രസ്താവന വിവാദത്തിന് തിരികൊളുത്തുകയും സൈന്യത്തിൽ നിന്ന് ശക്തമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
2022 ഡിസംബർ 12ന് ഇന്ത്യൻ സൈന്യം ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകി. ‘ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ നിയമവിരുദ്ധമായി പ്രവേശിച്ചു, പക്ഷേ ഇന്ത്യൻ സൈന്യം ഉചിതമായി പ്രതികരിച്ചു, അവരെ ഇന്ത്യൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്,’ സംയം പ്രസ്താവനയിൽ പറഞ്ഞു.
2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപകരമായ പരാമർശത്തിന്റെ പേരിൽ ഫെബ്രുവരി 11ന് പ്രതിപക്ഷ നേതാവിനെതിരെ മറ്റൊരു മാനനഷ്ടക്കേസ് പ്രത്യേക കോടതി പരിഗണിക്കുന്നുണ്ട്.
കേസിന്റെ അടുത്ത വാദം ഫെബ്രുവരി 24-ലേക്ക് മാറ്റിവെച്ച കോടതി, അന്ന് സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യും. കേസിൽ പ്രസക്തമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
Content Highlight: Rahul Gandhi summoned by Lucknow court over 2022 remarks against Army