World News
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ബ്രിട്ടനും; ഇന്ത്യന്‍ റസ്‌റ്റോറന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
ലണ്ടന്‍: അമേരിക്കക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനൊരുങ്ങി ബ്രിട്ടനും. നടപടികളുടെ ഭാഗമായി ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, നെയ്ല്‍ ബാറുകള്‍, കാര്‍വാഷിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ ഇത്തരത്തില്‍ നിരവധി പരിശോധനകള്‍ നടന്നതായും നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ബ്രിട്ടീഷ് സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥി വിസകളിലെത്തി യു.കെയില്‍ അനധികൃതമായി ജോലിചെയ്യുന്നവരുണ്ട്. ഇവരെയുള്‍പ്പടെ കൂട്ടത്തോടെ തിരിച്ചയക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.
ജനുവരിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളും നെയ്ല്‍ ബാറുകളും കാര്‍ വാഷിങ് സെന്ററുകളും ഉള്‍പ്പടെ 828 സ്ഥലങ്ങളില്‍ പരിശോധന നടന്നെന്നും ഇതില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും തിങ്കളാഴ്ച യു.കെ. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളിലുണ്ട്. ഇത് 2024ലെ ജനുവരിയിലെ കണക്കുകളെ അപേക്ഷിച്ച് 73 ശതമാനം വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടന്നെങ്കിലും റെസ്‌റ്റോറന്റുകള്‍, ടേക്ക്എവേകള്‍, കഫേകള്‍, പുകയില വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വ്യാപക തിരച്ചില്‍ നടത്തിയിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഹംബര്‍സൈഡിലുള്ള ഒരു ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തായി ആഭ്യന്തര ഓഫീസിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യു.കെ. മുഴുവന്‍ വ്യാപകമായ മിന്നലാക്രണമെന്നാണ് ആഭ്യന്ത്ര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഈ നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് കീഴിലുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ ജനുവരിയില്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ച വെച്ചതെന്നും അവര്‍ പറയുന്നു.
യു.കെയില്‍ 2024 ജൂലൈ 5 മുതല്‍ 2025 ജനുവരി 31 വരെ നിയമവിരുദ്ധമായി ജോലിചെയ്യുന്നവരുടെ അറസ്റ്റിന്റെ കണക്കുകള്‍ മുന്‍വര്‍ഷത്തെ ഇതേ കാലത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 1090 പെനാല്‍റ്റി നോട്ടീസുകള്‍ തൊഴിലുടമകള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സംവിധാനം ലംഘിക്കാന്‍ സാധിക്കുമെന്ന് കരുതുന്നവരെ കര്‍ശനമായി നേരിടാന്‍ തന്റെ ടീം പ്രതബന്ധരാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് കംപ്ലയ്ന്റ്‌സ് ആന്‍ഡ് ക്രൈം ഡയറക്ടര്‍ എഡ്ഡി മോണ്ട്‌ഗോമറി പറഞ്ഞു.
നിയമത്തില്‍ നിന്ന് ഒളിച്ചിരിക്കാന്‍ ആര്‍ക്കുമാവില്ലെന്നും നിയമവിരുദ്ധ കുടിയേറ്റത്തിലേര്‍പ്പെട്ടവര്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായ ജോലി ചെയ്യുന്നവര്‍ പലപ്പോഴും തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെന്നും മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന അത്തരക്കാരുടെ സംരക്ഷണം കൂടിയാണ് ഇത്തരം റെയ്ഡുകളിലൂടെ ലക്ഷ്യമിടുന്നതെന്നും എഡ്ഡി മോണ്ട്‌ഗോമറി പറയുന്നു.
2024 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഈ ജനുവരി യു.കെയില്‍ നിന്ന് 16,400 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് 2018 മുതല്‍ 2024 വരെയുള്ള കണക്കുകളേക്കാള്‍ അധികമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചാര്‍ട്ടര്‍ വിമാനങ്ങളിലാണ് ഈ കുടിയേറ്റക്കാരെയെല്ലാം നാടുകടത്തിയിരിക്കുന്നത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍, മോഷണം, ബലാത്സംഗം, കൊലപാതകം എന്നിവയില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികളും ഇത്തരത്തില്‍ നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും സര്‍ക്കാര്‍ അധികാരികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
content highlights: Britain to send back illegal immigrants; Widespread inspection of Indian restaurants and nail bars