അദാനിക്കെതിരെ കുറ്റം ചുമത്തിയ നിയമം പുനപരിശോധിക്കാനൊരുങ്ങി ട്രംപ്; ഇടക്കാലത്തേക്ക് നടപടിയുണ്ടാകില്ല
വാഷിങ്ടണ്‍: അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്താനുപയോഗിച്ച നിയമം നടപ്പിലാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.
1977ലെ ഫോറിന്‍ കറപ്ട് പ്രാക്ടീസസ് ആക്ട് (എഫ്.സി.പി.എ) നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിയമത്തിന് കീഴിലെ അന്വേഷണങ്ങളും നടപടികളും നയങ്ങളും അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിയമത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ട്രംപ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് നല്‍കിയ നിര്‍ദേശം. നിയമത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട അദാനിക്കും അനന്തിരവന്‍ സാഗറിനുമെതിരെ നടപടികളുണ്ടാകില്ല.
സൗരോര്‍ജ കരാറുകള്‍ ഉറപ്പിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ഗൗദം അദാനിക്കും അനന്തിരവനുമെതിരെ അമേരിക്കയിലുള്ള കേസ്. ഈ കേസിന്റെ തുടര്‍ നടപടികളില്‍ നിന്നാണ് ഇപ്പോള്‍ ട്രംപിന്റെ പുതിയ തീരുമാനം പ്രകാരം അദാനി താത്കാലികമായി രക്ഷപ്പെട്ടിരിക്കുന്നത്.
ഇതിനിടെ അദാനിക്കെതിരെ കുറ്റം ചുമത്തുന്നതിനെതിരെ ആറ് യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ അറ്റോര്‍ണി ജനറലിന് കത്തയക്കുയും ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിനെതിരെയുള്ള കുറ്റപത്രങ്ങളുള്‍പ്പടെ ബൈഡന്‍ സര്‍ക്കാറിന്റെ ചില തീരുമാനങ്ങളില്‍ സംശയം ഉന്നയിച്ചുകൊണ്ടാണ് ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചിരിക്കുന്നത്.
കേസ് ഇന്ത്യക്ക് കൈമാറാതെ കമ്പനിയുടെ എക്‌സിക്യൂട്ടീവിനെതിരെ കുറ്റം ചുമത്തിയ ബൈഡന്റെ നിലപാടിനെയും ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു.
content highlights: Trump ready to review law against Adani; There will be no action in the interim