World News
മോചനത്തിന് മുമ്പ് ഹമാസ് സൈനികരുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രഈലി ബന്ദി; വീഡിയോ
ഗസ: മോചിപ്പിക്കപ്പെടുന്നതിന് മുന്നോടിയായി ഹമാസ് സൈനികരുടെ നെറ്റിയില്‍ ചുംബനം നല്‍കി ഇസ്രഈല്‍ ബന്ദി. മധ്യഗസയിലെ അല്‍-നുസൈറത്ത് ക്യാമ്പില്‍ വെച്ച് ബന്ദികളെ കൈമാറുന്നതിനിടെയാണ് സംഭവം. ഹമാസ് സൈനികര്‍ക്ക് ഇസ്രഈല്‍ ബന്ദി ചുംബനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ബന്ദികൈമാറ്റത്തിന്റെ ഭാഗമായി ഇന്ന് (ശനി) ആറ് ബന്ദികളെ ഹമാസ് വിട്ടയച്ചു. ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ 35-ാം ദിവസമാണ് ബന്ദികൈമാറ്റം. ഏഴാംഘട്ട ബന്ദികൈമാറ്റമാണ് ഇന്ന് നടന്നത്. ഗസയിലെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് ഹമാസ് ബന്ദികളെ കൈമാറിയത്.
2014 മുതല്‍ ഗസയില്‍ തടങ്കലില്‍ കഴിയുന്ന അവേര മെംഗിസ്റ്റു, ടാല്‍ ഷോഹാം എന്നിവരെ റഫയില്‍ വെച്ചും ഒമര്‍ ഷെം ടോവ്, എലിയ കോഹന്‍, ഒമര്‍ വെന്‍കെര്‍ട്ട് എന്നിവരെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചും 2015 മുതല്‍ തടങ്കലിലായിരുന്ന ഹിഷാം അല്‍-സയീദിനെ ഗസ സിറ്റിയില്‍ വെച്ചും ഹമാസ് വിട്ടയച്ചു. പൊതുയോഗങ്ങളും മറ്റും ഇല്ലാതെയാണ് സയീദിനെ ഹമാസ് വിട്ടയച്ചത്.
ഫലസ്തീന്‍ കുടുംബത്തോടുള്ള ബഹുമാനം കൊണ്ടാണ് ഇസ്രഈല്‍- ഫലസ്തീന്‍ പൗരനായ സയീദിനെ ചടങ്ങുകളില്ലാതെ മോചിപ്പിച്ചതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഇതില്‍ ഒമര്‍ ഷെം ടോവാണ് ഹമാസ് സൈനികര്‍ക്ക് ചിരിച്ച മുഖത്തോടെ ചുംബനം നല്‍കിയത്. ഒമര്‍ ഹമാസിന് നല്‍കുന്ന ബഹുമാനമാണ് ലോകം കണ്ടതെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
ഹമാസ് മോചിപ്പിച്ച മൂന്ന് ബന്ദികളെ റെഡ് ക്രോസ് തങ്ങള്‍ക്ക് കൈമാറിയതായി ഇസ്രഈല്‍ സ്ഥിരീകരിച്ചു. കോഹന്‍, വെന്‍കെര്‍ട്ട്, ഷെം ടോവ് എന്നിവരെയാണ് റെഡ് ക്രോസ് ഇസ്രഈലിന് കൈമാറിയത്. ഇവരെ ഇസ്രഈലിലെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൈന്യം അറിയിച്ചു.
ആറ് ബന്ദികള്‍ക്ക് പകരമായി ഇസ്രഈല്‍ 620 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. ബന്ദികളുടെ വിവരങ്ങള്‍ ഇതിനകം ഇസ്രഈല്‍ പുറത്തുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ബന്ദികളില്‍ 150 പേര്‍ ജീവപര്യന്തം അടക്കമുള്ള തടവ് അനുഭവിച്ചവരാണ്. 2023ല്‍ ഗസയില്‍ നിന്ന് പിടിക്കപ്പെട്ട 445 ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
42 ദിവസത്തെ ബന്ദികൈമാറ്റത്തിന്റെ ആദ്യ ഘട്ടം ജനുവരി 19നാണ് ആരംഭിച്ചത്. ആദ്യഘട്ടം ഏത് രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുക.
എന്നാല്‍ ഫെബ്രുവരി മൂന്നിന് ആരംഭിക്കാനിരുന്ന രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ ഇസ്രഈല്‍ വൈകിപ്പിച്ചിരുന്നു. അതേസമയം മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന കരാറിന്റെ രണ്ടാം ഘട്ടത്തില്‍, അവശേഷിക്കുന്ന മുഴുവന്‍ ഇസ്രഈല്‍ ബന്ദികളെയും ഒറ്റ ബാച്ചായി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.
Content Highlight: Israeli hostage kisses Hamas soldiers on forehead before release; Video