യു.എസ് സൈന്യത്തിന്റെ തലപ്പത്തടക്കമുള്ള ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്
വാഷിങ്ടണ്‍: ഫെഡറല്‍ തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നയത്തിന്റെ ഭാഗമായി 5400 പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്. അമേരിക്കന്‍ സൈന്യത്തിലെ അഞ്ച് മുതല്‍ എട്ട് ശതമാനം വരെയുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം.
950,000 സിവില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പദ്ധതിക്ക് ട്രംപ് അംഗീകാരം നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ 5400 പ്രൊബേഷണറി ജീവനക്കാരെ അടുത്ത ആഴ്ചയോടെ പിരിച്ചുവിടാനൊരുങ്ങുന്നത്.
അതേസമയം രാജ്യത്ത് ആകമാനമുള്ള 55000ത്തോളം പ്രൊബേഷണറി ജീവനക്കാരും കൂട്ടപിരിച്ചുവിടല്‍ ഭീഷണിയിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭരണകൂടത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രസിഡന്റിന്റെ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് നടപടിയെന്ന് പ്രതിരോധ അണ്ടര്‍ സെക്രട്ടറി ഡാരിന്‍ സെല്‍നിക് പ്രസ്താവനയില്‍ പറഞ്ഞു.
കാര്യക്ഷമതാ വകുപ്പ് എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെയുള്ള നടപടികളുടെ ഭാഗമാണ് വെട്ടിക്കുറക്കലുകള്‍. വിദേശ സഹായം മുതല്‍ സാമ്പത്തിക മേല്‍നോട്ടമടക്കവും 20000ത്തിലധികം തൊഴിലാളികളെയും നിലവില്‍ പിരിച്ചുവിട്ടിട്ടുണ്ട്.
അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ട്രംപ് പുറത്താക്കിയിരുന്നു. ജനറല്‍ സി ക്യൂ ബ്രൗണ്‍ ജൂനിയറിനെയാണ് പുറത്താക്കിയത്. നാല് വര്‍ഷത്തെ കാലാവധിയുള്ള ബ്രൗണ്‍ രണ്ട് വര്‍ഷമേ നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂ.
പദവിയിലിരിക്കുന്ന രണ്ടാമത്തെ കറുത്തവംശജനായ ബ്രൗണിനെ പുറത്താക്കിയതിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. നാല്‍പത് വര്‍ഷത്തെ സേവനത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ബ്രൗണിനെ ട്രംപ് പുറത്താക്കിയത്.
Content Highlight: Including the head of the US Army Trump is about to fire employees