വെടി നിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍; 602 ഫലസ്തീനികളെ മോചിപ്പിക്കുന്നത് വൈകിപ്പിച്ച് ഇസ്രഈല്‍
ടെല്‍ അവീവ്: ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനം നിര്‍ത്തിവെച്ച് ഇസ്രഈല്‍. അടുത്ത ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതുവരെയും അപമാനിക്കുന്ന ആചാരങ്ങള്‍ ഇല്ലാതെയും നടത്തുന്നത് വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഹമാസ് ഇസ്രഈലി തടവുകാരെ വിട്ടയച്ചിട്ടും ഏഴാമത്തെ ഘട്ടം തടവുകാരെ വിട്ടയക്കുന്നത് വൈകിപ്പിക്കുന്ന ഇസ്രഈലിന്റെ പ്രവര്‍ത്തി വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഹമാസ് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച ആറ് ഇസ്രഈലി തടവുകാരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ ശേഷിക്കുന്ന എല്ലാ തടവുകാരെയും തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇസ്രഈലികള്‍ ടെല്‍ അവീവില്‍ പ്രതിഷേധ റാലി നടത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ആറ് ബന്ദികളെ കൂടി ഇസ്രഈലിന് ഹമാസ് കൈമാറിയിരുന്നു. കരാര്‍ പ്രകാരം 620 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രഈല്‍ കൈമാറാനുള്ളത്. എന്നാല്‍ ഇസ്രഈല്‍ മന്ത്രി സഭാ യോഗത്തില്‍ താത്ക്കാലികമായി ബന്ദികൈമാറ്റം നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പ്രതിസന്ധിയിലാണെന്നും പൂര്‍ണമായും യുദ്ധം അവസാനിപ്പിക്കുകയും സൈനിക പിന്മാറ്റം ഉറപ്പ് വരുത്തിയാലും മാത്രമേ ബന്ദികളെ ഒരുമിച്ച് കൈമാറൂവെന്ന് ഹമാസ് അറിയിച്ചിരുന്നുവെങ്കിലും ഇസ്രഈല്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 48,319 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 111,749 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: Ceasefire Uncertain; Israel delays release of 602 Palestinians