മുസ്‌ലിം പിന്തുടര്‍ച്ചാവകാശം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാരസമരം; വി.പി. സുഹറയെ കസ്റ്റഡിയിലെടുത്ത് മാറ്റി
ന്യൂദല്‍ഹി: മുസ്‌ലിം പിന്തുടര്‍ച്ചാവകാശം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വി.പി. സുഹറയെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് മാറ്റി. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സമയം സമരം നടത്തിയതിലാണ് നടപടി. ജന്ദര്‍ മന്ദിറില്‍ നിന്നാണ് വി.പി. സുഹറയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
ഇന്ന് (ഞായര്‍) രാവിലെയാണ് ജന്ദര്‍ മന്ദിറില്‍ സുഹറ നിരാഹാരസമയം ആരംഭിച്ചത്. നിയമത്തില്‍ മാറ്റം വരും വരെ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് വി.പി. സുഹറ പറഞ്ഞിരുന്നു.
തന്റെ ആവശ്യം നേടിയെടുക്കുമെന്നും അല്ലാതെ മടക്കമില്ലെന്നും നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അവനവന്‍ അധ്വാനിച്ചുണ്ടാക്കുന്ന സ്വത്തുക്കള്‍ പോലും അവരവര്‍ക്ക് നല്‍കാനോ എഴുതി കൊടുക്കാനോ ഉള്ള വില്‍പത്രം വെക്കാനുള്ള അവകാശം പോലും മുസ്‌ലിം സ്ത്രീകള്‍ക്കില്ലെന്നും സുഹറ പറഞ്ഞിരുന്നു.
ഇപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ പൊരുതി നേടിയതാണ്. പിന്തുടര്‍ച്ചാവകാശത്തില്‍ ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു. കേരളത്തിലെ എം.എല്‍.എമാരെയും എം.പിമാരെയും വിഷയം അറിയിച്ചു. എന്നിട്ടും നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്നും സുഹറ ചോദിച്ചിരുന്നു.
മുസ്‌ലിം വ്യക്തി നിയമം ഭേദഗതിചെയ്യുക, പിന്തുടര്‍ച്ചാവകാശം സ്ത്രീ പുരുഷ തുല്യമാക്കുക, മാതാപിതാക്കള്‍ മരിച്ചവരുടെ മക്കള്‍ക്കും പിന്തുടര്‍ച്ചാവകാശം അനുവദിക്കുക, സ്വത്ത് അന്യാധീനപ്പെട്ട് പോകാതിരിക്കാന്‍ മക്കള്‍ക്കോ മറ്റു അടുത്ത ബന്ധുക്കള്‍ക്കോ വില്‍പ്പത്രം എഴുതി വെക്കാനുള്ള അവകാശം മുസ്‌ലിങ്ങള്‍ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി.പി. സുഹറ ജന്ദര്‍ മന്ദിറില്‍ സമരം ആരംഭിച്ചത്.
2016 മുതല്‍ മുസ്‌ലിം പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
Content Highlight: hunger strike demanding reform of Muslim succession; VP Suhara was taken into custody and transferred