World News
അഞ്ച് മാസത്തിനിപ്പുറം നടന്ന ഹസന്‍ നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍
ബെയ്റൂട്ട്: ലെബനനില്‍ നടന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകള്‍. ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നസറുല്ലയുടെ സംസ്‌കാര ചടങ്ങുകള്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്.
ഇന്ന് (ഫെബ്രുവരി 23) കാമില്‍ ചാമൗണ്‍ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. നസറുല്ലക്ക് പുറമെ ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനിന്റെയും സംസ്‌കാര ചടങ്ങുകള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നു.
78,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം സംസ്‌കാര ചടങ്ങില്‍ നിറഞ്ഞുകവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഡിയത്തിന് പുറത്ത് പുരുഷന്മാര്‍ക്ക് 35,000 സീറ്റുകളും സ്ത്രീകള്‍ക്ക് 25,000 സീറ്റുകളും അധികമായി അനുവദിച്ചിരുന്നു.
കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ആളുകള്‍ സംസ്‌കാര ചടങ്ങിലെത്തിയത്. നസറുല്ലയുടെ ചിത്രങ്ങളും ഹിസ്ബുല്ല പതാകകളും ആളുകള്‍ ചടങ്ങിനിടെ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത ഹിസ്ബുല്ലയുടെ പുതിയ മേധാവി നയിം ഖാസിം നസറുല്ലയുടെ പാത പിന്തുടരുമെന്ന് പറഞ്ഞു. നസറുല്ലയുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 32 വര്‍ഷക്കാലം ഹിസ്ബുല്ലയെ നയിച്ച നേതാവാണ് നസറുല്ല. 2000ല്‍ നസറുല്ല ഹിസ്ബുല്ലയുടെ നേതൃസ്ഥാനത്ത് എത്തിയതോടെയാണ് തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രഈലിന് തോല്‍വി ഏറ്റുവാങ്ങി പിന്മാറേണ്ടി വന്നത്.
ഇസ്രഈലിന്റെ ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം നസറുല്ലയുടെ സംസ്‌കാര ചടങ്ങിനിടെ, ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രഈല്‍ ആക്രമണം നടത്തി. തെക്കന്‍ ലെബനനിലും ബാല്‍ബെക്കിന് പടിഞ്ഞാറുള്ള പ്രദേശങ്ങളിലുമാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
ലെബനനിലെ മറ്റ് ഇടങ്ങളിലും ഇസ്രഈല്‍ വ്യോമ-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആക്രമങ്ങളില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2024 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ഇസ്രഈലും ഹിസ്ബുല്ലയും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കരാര്‍ നിലവില്‍ വന്നിട്ടും 830ലധികം നിയമലംഘനങ്ങള്‍ ഇസ്രഈല്‍ നടത്തിയിട്ടുണ്ടെന്ന് ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2025 ജനുവരി 26 മുതല്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കരാര്‍ ലംഘിച്ചതില്‍ ലെബനന്‍ ഇസ്രഈലിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Tens of thousands attended Hassan Nasrallah’s funeral