ഭൂമി തർക്കം; രാജസ്ഥാനിൽ ദളിത് കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം
ജയ്പൂർ: ഭൂമി തർക്കത്തെ തുടർന്ന് രാജസ്ഥാനിൽ ദളിത് കുടുംബത്തിന് നേരെ ക്രൂര ആക്രമണം. രാജസ്ഥാനിലെ രാംഗഡിലെ ഗോഹ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയിൽപ്പെട്ട ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 25 ഓളം ആളുകളുടെ ഒരു കൂട്ടമാണ് ദളിത് കുടുംബത്തെ ആക്രമിച്ചത്. ആക്രമണത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ രാംഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെയും പുരുഷനെയും അൽവാറിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായവർ പറയുന്നതനുസരിച്ച് അവരുടെ ഭൂമി കൈവശപ്പെടുത്താൻ ഒരു കൂട്ടം ആളുകൾ ശ്രമിക്കുകയും പിന്നാലെയുണ്ടായ തർക്കം ആക്രമണത്തിലേക്ക് വഴിമാറുകയുമായിരുന്നു.
‘ഞങ്ങൾ കടുക് വിളവെടുക്കാൻ വയലിലേക്ക് പോയിരുന്നു. പ്രതിയും കൂട്ടാളികളും ഞങ്ങളുടെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് വയലിലെത്തി. പിന്നാലെ തർക്കം ഉണ്ടാവുകയും അവർ വടിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുകയും ചെയ്തു.
അവർ സ്ത്രീകളെയും പ്രായമായവരെയും പോലും വെറുതെ വിട്ടില്ല. ആക്രമണത്തിൽ, എന്റെ പിതാവിന്റെ കണ്ണിന് സമീപം മൂർച്ചയുള്ള ആയുധം കൊണ്ട് അടിക്കുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ എന്റെ ഭാര്യയയുടെ കൈ ഒടിഞ്ഞു,’ ആക്രമണത്തിനിരയായ ദളിത് കുടുംബത്തിലെ അംഗം പറഞ്ഞു.
ഒരു പ്രത്യേക സമുദായത്തിലെ ആളുകളാണ് ദലിത് കുടുംബത്തെ വടികൊണ്ട് ആക്രമിച്ചതെന്ന് നൗഗൻവ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദയ ചന്ദ് മീന പറഞ്ഞു. ‘ഈ സംഭവത്തിൽ എട്ടോളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിരയായ ദളിത് കുടുംബം പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്,’ ദയ ചന്ദ് മീന പറഞ്ഞു.
Content Highlight: Dalit family attacked in Rajasthan over land dispute, 7 injured