World News
പുടിനെന്ന സ്വേച്ഛാധിപതിക്കെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നത്: ബെര്‍ണി സാന്‍ഡേഴ്‌സ്
വാഷിങ്ടണ്‍: ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിക്ക് പിന്തുണമായി അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. പുടിന്‍ എന്ന സ്വേച്ഛാധിപതിക്കെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തെയാണ് സെലെന്‍സ്‌കി നയിക്കുന്നതെന്നാണ് സാന്‍ഡേഴ്‌സ് വിശേഷിപ്പിച്ചത്.
യുദ്ധം ആരംഭിച്ചത് ഉക്രൈനാണെന്നും സെലന്‍സ്‌കി ഒരു സ്വേച്ഛാധിപതിയാണെന്നും പറയുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉള്ളതില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ലജ്ജിക്കുന്നുവെന്നും ട്രംപിനെ പരാമര്‍ശിച്ചുകൊണ്ട് സാന്‍ഡേഴ്സ് പറഞ്ഞു.
‘ഉക്രൈനിലെ ജനങ്ങള്‍ക്ക് പതിനായിരക്കണക്കിന് സൈനികരെ നഷ്ടപ്പെട്ടു, നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ നഗരങ്ങള്‍ ബോംബാക്രമണത്തിന് വിധേയമാകുന്നു. 250 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങളുടെ ജോലി, ശരിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഒരു രാജ്യത്തിന് നേരെ പുറംതിരിഞ്ഞു നില്‍ക്കുകയല്ല,’ സാന്‍ഡേഴ്‌സ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍വെച്ച് നടന്ന ചര്‍ച്ചയില്‍ ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വാഗ്വാദങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് സെലന്‍സ്‌കിയോട് വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും മുമ്പ് നിശ്ചയിച്ചിരുന്ന സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ ഉക്രൈനിലെ അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കാന്‍ അമേരിക്കക്ക് അനുമതി നല്‍കുന്ന കരാറില്‍ നിന്ന് സെലന്‍സ്‌കി പിന്മാറി.
യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ഉക്രൈനെ അടുപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതോടെയാണ് ധാതു കരാറില്‍ ഒപ്പുവെക്കുന്നതില്‍ നിന്നും സെലന്‍സ്‌കി പിന്‍വാങ്ങിയത്. തുടര്‍ന്ന സെലന്‍സ്‌കി മൂന്നാം ലോകമഹായുദ്ധം നടത്താന്‍ ശ്രമിക്കുകയാണെന്നും നിങ്ങളെ പിന്തുണച്ച ഈ രാജ്യത്തോട് അനാദരവ് കാണിക്കുകയാണെന്നും ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞു.
സെലന്‍സ്‌കിയുടെ പുറത്താക്കല്‍ യു.എസിലുടനീളം ഉക്രൈന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് കാരണമായി. കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ക്കൊപ്പം യൂറോപ്പിലുടനീളമുള്ള നേതാക്കളും ഉക്രൈന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Content Highlight: Zelensky is protecting Ukraine’s democracy against dictator like Putin says Bernie Sanders