national news
‘ജാതി വ്യവസ്ഥ നിര്‍ത്തലാക്കണം’; ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് സി.പി.ഐ.എം.എല്‍ ലിബറേഷന്‍
പാട്‌ന: ബീഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം ആരംഭിച്ച് സി.പി.ഐ എം.എല്‍ ലിബറേഷന്‍. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ പിഴുതെറിയണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ജനങ്ങളോട് ആഹ്വാനം ചെയ്തു.
‘ബാല്‍ഡോ ബിഹാര്‍’ എന്ന പേരില്‍ റാലി സംഘടിപ്പിച്ചുകൊണ്ടാണ് സി.പി.ഐ എം.എല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
അടുത്തിടെ പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ടില്‍, 75 ശതമാനം ആളുകളും നിലവിലെ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്നതായി കണ്ടെത്തിയിരുന്നുവെന്നും ദീപാങ്കര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടഞ്ഞ ജാര്‍ഖണ്ഡിന്റെ അതേ പാതയാണ് ബീഹാറും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ വര്‍ഷം ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ജെ.ഡി.യു മേധാവി നിതീഷ് കുമാര്‍ ബി.ജെ.പിയുമായി കൈകോര്‍ത്തതിനുശേഷം, ലോക്‌സഭയില്‍ തങ്ങള്‍ക്ക് നിരവധി സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു,’ ദീപാങ്കര്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികൾക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുന്നു. മേഖലയിലെ എന്‍.ഡി.എ വോട്ടര്‍മാരെ ഏകീകരിക്കുന്നതിന് വേണ്ടിയും വര്‍ഗീയ കലാപം ഇളക്കിവിടാനും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് സീമാഞ്ചലില്‍ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
വളരെക്കാലമായി ബീഹാറിനെ അലട്ടുന്ന യഥാര്‍ത്ഥ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും കുടിയേറ്റവുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങളെന്നും ദീപങ്കര്‍ പറഞ്ഞു.
സംസ്ഥാനത്തെ 95 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ സഹായം, വീടിന് 5 പസഫിക് ഭൂമി, കുടിവെള്ളം, എല്ലാവര്‍ക്കും ഉറപ്പുള്ള വീടുകള്‍, ഭരണഘടന സംരക്ഷിക്കല്‍, അഴിമതിക്കെതിരെ പോരാടല്‍, ദളിതര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നീ വാഗ്ദാനങ്ങളും റാലിയില്‍ ദീപാങ്കര്‍ പ്രഖ്യാപിച്ചു.
ജാതി വ്യവസ്ഥ നിര്‍ത്തലാക്കണമെന്നും ജാതിയുടെ ഏക ഗുണം സംവരണമാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന് പ്രത്യേക വിഭാഗ പദവി നല്‍കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി.ജെ.പിയുടെ അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ദീപാങ്കര്‍ പറഞ്ഞു.
Content Highlight: Will follow Jharkhand’s footsteps, uproot NDA government: CPI-ML kicks off election campaign in Bihar