World News
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറിയ സംഭവം; മരണം രണ്ടായി
ബെര്‍ലിന്‍: ജര്‍മനിയിലെ മാന്‍ഹൈമില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറിയ സംഭവത്തില്‍ മരണം രണ്ടായി. 83 വയസുള്ള സ്ത്രീയും 54കാരനായ പുരുഷനുമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് ഗുരുതരമായും മറ്റ് അഞ്ച് പേര്‍ക്ക് നിസാരമായും പരിക്കേറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുരുതമാരായി പരിക്കേറ്റ മൂന്ന് പേര്‍ മാന്‍ഹൈം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടി ഉള്‍പ്പെടെയാണ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്.
ഇന്നലെ ഉച്ചയോടെയാണ് മാന്‍ഹൈമില്‍ സംഭവം നടന്നത്. കാര്‍ണിവല്‍ സീസണ്‍ പരേഡുകള്‍ക്കായി ജനക്കൂട്ടം തടിച്ചുകൂടിയ സമയത്താണ് സംഭവം നടന്നത്.
തുടര്‍ന്ന് പ്രതിയെന്ന് കരുതുന്ന 40കാരനായ ഒരു ജര്‍മന്‍ പൗരനെ മാന്‍ഹൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം അപകടമാണോ മനഃപൂര്‍വമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇതാദ്യമായല്ല ജര്‍മനിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 13ന് ജര്‍മനിയിലെ മ്യൂണിക്കില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറിതിനെ തുടര്‍ന്ന് 15 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
വെര്‍ഡി യൂണിയന്‍ സംഘടിപ്പിച്ച പണിമുടക്കുമായി ബന്ധപ്പെട്ട പ്രകടനത്തില്‍ പങ്കെടുത്ത ആളുകളാണ് അപകടത്തില്‍പ്പെട്ടത്. 2024 ഡിസംബറില്‍ ജര്‍മനിയിലെ മഗ്‌ഡെബര്‍ഗ് നഗരത്തിലും സമാനമായ അപകടം നടന്നിരുന്നു. നഗരത്തിലെ ആള്‍ക്കൂട്ടത്തിലേക്ക് ഡോക്ടറും മനശാസ്ത്ര വിദഗ്ദനുമായ തലേബ് എന്ന 50കാരന്‍ അമിത വേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു.
അപകടത്തില്‍ ഒരു കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ലും ജര്‍മന്‍ മാര്‍ക്കറ്റില്‍ ഇത്തരത്തില്‍ അപകടം നടന്നിട്ടുണ്ട്. പിന്നീട് ഈ അപകടം തീവ്രവാദി ആക്രമണമാണെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ക്രിസ്മസ് വിപണികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇതേ നിര്‍ദേശം മാന്‍ഹൈമില്‍ നടന്ന അപകടത്തെ തുടര്‍ന്നും അധികൃതര്‍ ഇന്നലെ പുറപ്പെടുവിച്ചു. ജനങ്ങള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ മാന്‍ഹൈമിലെ പൊതുജനങ്ങളോട് ഡൗണ്‍ ടൗണ്‍ ഏരിയയില്‍ നിന്ന് മാറി വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ തുടരണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 300,000 ആളുകള്‍ താമസിക്കുന്ന നഗരമാണ് മാന്‍ഹൈം.
Content Highlight: The incident in which a car rammed into a crowd in Germany; Death in two