Kerala News
ആരെയാണ് വിശ്വസിക്കേണ്ടത്? ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു: കെ.സി. വേണുഗോപാല്‍
ന്യൂദല്‍ഹി: ആശാ വര്‍ക്കര്‍മാരാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പോരാളികളെന്ന് കോണ്‍ഗ്രസ് എം.പി. കെ.സി. വേണുഗോപാല്‍. കഴിഞ്ഞ 30 ദിവസങ്ങളായി കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണെന്നും വലിയ ജനപങ്കാളിത്തമാണ് സമരത്തിനുള്ളതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ലോക്‌സഭാ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005ല്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ മുന്നോട്ടുവെച്ച ആശയമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങളെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇന്ന് ആശാ പ്രവര്‍ത്തകര്‍ക്ക് എന്താണ് സംഭവിക്കുന്നത്, ഒരു ദിവസം ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന വേതനം 233 രൂപയാണ്. എന്നാല്‍ അത് സ്ഥിരമായി ലഭിക്കുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരെയാണ് കുറ്റപ്പെടുത്തുന്നത്. സമരക്കാരെയും പ്രതിഷേധത്തെ പിന്തുണക്കുന്നവരെയും സര്‍ക്കാര്‍ വിമര്‍ശിക്കുകയാണ്. കേന്ദ്ര സര്‍ക്കാരാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ തിരിച്ചും. യഥാര്‍ത്ഥത്തില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന് ആരാണ് ഉത്തരവാദിയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
തെലങ്കാന, കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ ആശാ പ്രവര്‍ത്തകര്‍ക്ക് മാക്‌സിമം വേതനം നല്‍കുന്നുണ്ട്. എന്തുകൊണ്ട് കേരളത്തിന് അത് കഴിയുന്നില്ലെന്നാണ് ജനം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ആശാ പ്രവര്‍ത്തകര്‍ ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിരമിച്ചതിന് ശേഷം അവര്‍ വെറുംകൈയോടെയാണ് പോകുന്നതെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത തൊഴിലാളികളാണ് ആശാ പ്രവര്‍ത്തകരെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് കുടിശികയുണ്ടെന്നും കേന്ദ്രം നുണ പറയുകയാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ശരിക്കും കേരളവും ആശാ പ്രവര്‍ത്തകരും ആരെയാണ് വിശ്വസിക്കേണ്ടത്. ഈ ചോദ്യത്തിന്റെ ഉത്തരം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയില്‍ നിന്ന് ലഭിക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ആശാ പ്രവര്‍ത്തകര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ഡിമാന്‍ഡുകളാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതും ഉടനടി കേന്ദ്ര സര്‍ക്കാര്‍ ഒരു യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാരം കാണണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും രോഗപ്രതിരോധ നിരക്ക് വര്‍ധിപ്പിക്കുന്നതിലും പോഷകാഹാരത്തെയും ശുചിത്വത്തെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ആശാ വര്‍ക്കര്‍മാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും പാര്‍ലമെന്റില്‍ പറഞ്ഞു.
കൊവിഡ് കാലത്ത് ആശമാരുടെ സംഭാവനകള്‍ വളരെ നിര്‍ണായകമായിരുന്നു. ഉത്തരവാദിത്തങ്ങളുടെ അമിതഭാരവും ദിവസത്തില്‍ 12-14 മണിക്കൂര്‍ ജോലിയും ഉണ്ടായിരുന്നിട്ടും ആശമാരെ ഇപ്പോഴും സന്നദ്ധപ്രവര്‍ത്തകരായി തരംതിരിക്കുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
വൈകി ലഭിക്കുന്ന ഓണറേറിയം ആശാ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുന്നു. കേരളത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപ മാത്രമേ ശമ്പളം ലഭിക്കുന്നുള്ളൂ. മാസങ്ങളായി ഈ ശമ്പളം ലഭിക്കുന്നുമില്ല. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശാ വര്‍ക്കര്‍മാരുടെ പരാതികള്‍ കേള്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് വടകര എം.പി ഷാഫി പറമ്പിലും സഭയില്‍ പറഞ്ഞു.
Content Highlight: Congress MP K.C. Venugopal says ASHA workers are the biggest health fighters in the country in parliment