World News
വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും കപ്പലും കൂട്ടിയിടിച്ച് കത്തി; 30ലധികം അപകടത്തില്‍പ്പെട്ടതായി വിവരം
ലണ്ടന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എണ്ണ ടാങ്കറും കപ്പലും കൂട്ടിയിടിച്ച് അപകടം. 30ലധികം പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ വടക്കന്‍ കടലിലാണ് അപകടം നടന്നത്.
അമേരിക്കന്‍ എണ്ണ ടാങ്കര്‍ പോര്‍ച്ചുഗീസ് ചരക്ക് കപ്പലുമായി ഇടിക്കുകയായിരുന്നു. ഇന്ന് (തിങ്കള്‍) രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ തീപടരുകയും ചെയ്തു. ഇരുകപ്പലുകളിലും തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയ്ക്കെത്തിച്ചുവെന്ന് ഗ്രിംസ്ബി തുറമുഖ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബോയേഴ്‌സ് എ.എഫ്.പിയോട് പറഞ്ഞു. കടലില്‍ മലിനീകരണം ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തുന്നതായി യു.കെ കോസ്റ്റ് ഗാര്‍ഡ് വക്താവ് പറഞ്ഞു.
മുഴുവന്‍ രക്ഷാപ്രവര്‍ത്തന സേനകളും വടക്കൻ കടലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനും പ്രതികരിച്ചു.
സ്വീഡിഷ് ടാങ്കര്‍ കമ്പനിയായ സ്റ്റെന ബള്‍ക്കിന്റെ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. യു.എസ് ആസ്ഥാനമായാണ് സ്റ്റെന ബള്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഗ്രീസില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റി തിരിച്ചുവരുന്നതിനിടെയാണ് ടാങ്കര്‍ കൂട്ടിയിടിച്ചത്.
ജര്‍മ്മന്‍ കമ്പനിയായ റീഡെറി കൊപ്പിങിന്റെ ഉടമസ്ഥതയിലുള്ള പോര്‍ച്ചുഗീസ് പതാകയുള്ള ‘സോളോംഗ്’ എന്ന ചരക്ക് കപ്പലുമായാണ് ടാങ്കര്‍ കൂട്ടിയിടിച്ചത്. 20 പേരാണ് ടാങ്കറിലുണ്ടായിരുന്നത്.
അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങളിലും വ്യക്തതയില്ല.
Content Highlight: Oil tanker, cargo ship collision triggers huge blaze in North Sea, 32 injure