12
March, 2025

A News 365Times Venture

12
Wednesday
March, 2025

A News 365Times Venture

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ നേതാവിന്റെ അറസ്റ്റ്; നാടുകടത്തല്‍ തടഞ്ഞ് ഫെഡറല്‍ ജഡ്ജ്

Date:

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ നേതാവിന്റെ അറസ്റ്റ്; നാടുകടത്തല്‍ തടഞ്ഞ് ഫെഡറല്‍ ജഡ്ജ്

ന്യൂയോര്‍ക്ക്: കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹ്‌മൂദ് ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് അമേരിക്കയിലെ ഫെഡറല്‍ കോടതി ജഡ്ജ്. മഹ്‌മൂദ് ഖലീലിന്റെ ഹരജിയില്‍ വിധി വരുന്നത് വരെ ഹരജിക്കാരനെ അമേരിക്കയില്‍ നിന്ന് നാടുകടത്താനാവില്ലെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി ജെസ്സി ഫര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ സായുധസംഘടനയായ ഹമാസിനെ പിന്തുണച്ചു എന്നാരോപിച്ച് മഹ്‌മൂദ് ഖലീലിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കിയെന്നും അദ്ദേഹത്തെ നാടുകടത്താന്‍ പോവുകയാണെന്ന മറുപടിയുമാണ് ലഭിച്ചത്. ഇതോടെ  അഭിഭാഷകര്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഗ്രീന്‍കാര്‍ഡ് ഉണ്ടായിരുന്നിട്ടും ഖലീലിനെ നാടുകടകത്താനുള്ള നിര്‍ദേശത്തിനെതിരെ പൗരാവകാശ സംഘടനകളില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

അതേസമയം ഖലീല്‍ ഒരു തീവ്ര ഹമാസ് അനുകൂല വിദ്യാര്‍ത്ഥിയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വരാനിരിക്കുന്ന പലരുടെയും അറസ്റ്റിന് മുന്നോടിയാണിതെന്നും തീവ്രവാദ അനുഭാവികളെ രാജ്യത്ത് നിന്ന് പിടികൂടി ഒരിക്കലും തിരിച്ചുവരാത്ത രീതിയില്‍ നാടുകടത്തുമെന്നും ട്രംപ് പറയുകയുണ്ടായി.

ഹമാസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാലാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് പറഞ്ഞിരുന്നു. പ്രസിഡന്റ് ട്രംപിന്റെ സെമിറ്റിക് വിരുദ്ധതയ്‌ക്കെതിരായ എക്‌സിക്യൂട്ടീവ് ഉത്തരവുകളെ പിന്തുണച്ചുകൊണ്ട് ഐ.സി.ഇയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ചാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്നും സുരക്ഷാ വകുപ്പ് വക്താവ് പറഞ്ഞു.

അതേസമയം മഹ്‌മൂദ് ഖലീലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. മാന്‍ഹട്ടനിലെ ഫെഡറല്‍ പ്ലാസയില്‍ പീപ്പിള്‍സ് ഫോറം ഖലീലിന്റെ മോചനം ആവശ്യപ്പെട്ട് റാലി സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായിരുന്നു മഹ്‌മൂദ് ഖലീല്‍. സിറിയയില്‍ വളര്‍ന്ന ഫലസ്തീന്‍ അഭയാര്‍ത്ഥിയായ മഹ്‌മൂദ് ഖലീല്‍ ക്യാമ്പസിലെ ഫലസ്തീന്‍ അനുകൂല ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഗസയിലെ യുദ്ധത്തിനും ഇസ്രഈലിനുള്ള യു.എസ് പിന്തുണയ്ക്കുമെതിരെ രാജ്യവ്യാപകമായി നടന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു കൊളംബിയ സര്‍വകലാശാല. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ സര്‍വകലാശാലയില്‍ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കൊളംബിയ യൂണിവേഴ്സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഫണ്ടും ഗ്രാന്റുകളും റദ്ദാക്കിയതായി ട്രംപ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കാമ്പസിലെ ജൂതവിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ ഐവി ലീഗ് സ്‌കൂള്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഫണ്ട് റദ്ദാക്കിയത്.

നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇനി വിദ്യാര്‍ത്ഥികള്‍ അമേരിക്കക്കാരാണെങ്കില്‍ അവരുടെ പ്രവര്‍ത്തിയുടെ ഗൗരവമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കലാലയത്തില്‍നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നും ട്രംപ് പറയുകയുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ഖലീലിന്റെ അറസ്റ്റും.

Content Highlight: Arrest of Palestinian student at Columbia University; Federal judge blocks deportation




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related