World News
പാകിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; 400ലധികം യാത്രക്കാർ ബന്ദികളാക്കപ്പെട്ടതായി വിവരം
ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ട്രെയിനിലെ 400ലധികം യാത്രക്കാരെ ബന്ദിയാക്കിയതായാണ് വിവരം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 450 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോയ ഒമ്പത് ബോഗികളുള്ള ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ റാഞ്ചിയത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമിറങ്ങിയാല്‍ യാത്രക്കാരെ കൊല്ലുമെന്ന് സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്.
ട്രെയിനിലുണ്ടായിരുന്ന ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനിന്റെ ഉള്ളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
സുരക്ഷാ സേനകള്‍ക്ക് എത്താന്‍ കഴിയാത്ത മലയോര മേഖലയില്‍ വെച്ചാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തട്ടിയെടുത്തത്.നിലവില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സമീപത്തുള്ള ആശുപത്രികളില്‍ മുഴുവന്‍ ക്രമീകരണങ്ങളും സജ്ജമായിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ട്രെയിന്‍ റാഞ്ചലിന് പിന്നിലെ സംഘടനയുടെ ലക്ഷ്യമെന്താണ്, പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ എന്തൊക്കെ എന്നീ കാര്യങ്ങളില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
സംഭവത്തെ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‌വി അപലപിച്ചു. നിരപരാധികളായ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന മൃഗങ്ങള്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ട്രെയിനില്‍ 500 യാത്രയ്ക്കാറുണ്ടെന്ന് റെയില്‍വേ കണ്‍ട്രോളര്‍ മുഹമ്മദ് കാഷിഫ് പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നതായും മുഹമ്മദ് കാഷിഫ് പറഞ്ഞു.
2024 നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 20ലധികം പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Baloch militants hijack Jaffar Express train in Pakistan