Kerala News
‘കഴക തസ്തികയില്‍ നിന്ന് മാറ്റണം’; ദേവസ്വത്തിന് അപേക്ഷ നല്കി ബാലു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യത്തില്‍ ക്ഷേത്രത്തിലെ കഴക തസ്തികയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് കത്ത് നല്കി ബി.എ. ബാലു. ഇന്ന് (ചൊവ്വ) വൈകുന്നേരമാണ് തസ്തികമാറ്റം ആവശ്യപ്പെട്ട് ബാലു ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയത്.
ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്ലെന്നും ബാലു പറഞ്ഞു. തീരുമാനത്തിന് പിന്നില്‍ മറ്റ് സമ്മര്‍ദങ്ങളില്ലെന്നും ദേവസ്വം മാനേജ്മെന്റ് കമ്മറ്റിയുടെ തീരുമാനത്തിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാലു പ്രതികരിച്ചു.
അടുത്ത ദിവസങ്ങളില്‍ ദേവസ്വം മാനേജ്മെന്റ് കമ്മറ്റി ബാലുവിന്റെ കത്ത് പരിഗണിക്കും. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനനുസരിച്ചായിരിക്കും കമ്മറ്റി തീരുമാനമെടുക്കുക.
എന്നാല്‍ കഴകക്കാരനായി തുടരാന്‍ ബാലുവിന് സാഹചര്യമൊരുക്കുമെന്നാണ് ദേവസ്വത്തിന്റെ നിലപാട്. ജാതിയുടെ പേരില്‍ വ്യക്തികളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ പതിനേഴാം തീയതി തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കിയിരുന്നു. ഇനി കഴക ജോലിക്കില്ലെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്നം ഉണ്ടാകേണ്ടയെന്നും ബാലു പറഞ്ഞിരുന്നു.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതല്‍ ബാലുവിന്റെ തസ്തിക മാറ്റിയ മാര്‍ച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നിരുന്നു.
ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണം. പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ ഏഴാം തീയതി ഭരണസമിതി ചര്‍ച്ച വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിരുന്നു. കൊച്ചിന് ദേവസ്വം കമീഷണറും കൂടല്‍മാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന് അംഗം വി. ഗീത നിര്‍ദേശം നല്‍കിയത്.
Content Highlight: Balu wrote a letter to the Devaswom demanding his removal from the post of Kazhaga