World News
ഒന്റാരിയോയുടെ നടപടിയില്‍ പ്രകോപിതനായി ട്രംപ്; ബുധനാഴ്ച മുതല്‍ കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 25% തീരുവ ഈടാക്കാന്‍ ഉത്തരവ്
വാഷിങ്ടണ്‍: കാനഡക്കെതിരെ പകരത്തിന് പകരം നടപടിയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അലുമിനിയം/സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കാന്‍ ട്രംപ് ഉത്തരവിട്ടു.
കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയുടെ നീക്കത്തില്‍ പ്രകോപിതനായികൊണ്ടാണ് ട്രംപിന്റെ നീക്കം. നാളെ (മാര്‍ച്ച് 12) മുതല്‍ ഉത്തരവ് നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു.
കാനഡക്കെതിരായ ഉത്തരവ് നടപ്പിലാക്കാന്‍ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ട്രംപ് അറിയിച്ചു. യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാരിയോ 25 ശതമാനം നികുതി വര്‍ധിപ്പിച്ചതോടെയാണ് ട്രംപ് കാനഡക്കെതിരെ വീണ്ടും തിരിഞ്ഞത്.
നേരത്തെ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യു.എസ് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ, ഉത്തരവ് നടപ്പിലാക്കാന്‍ രാജ്യങ്ങള്‍ക്ക് ട്രംപ് ഒരു മാസത്തെ സാവകാശം നല്‍കുകയായിരുന്നു.
ഏപ്രില്‍ ഒന്നിനായിരുന്നു ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. ഈ തീരുമാനത്തിലാണ് ട്രംപ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാനഡയിലെ ഓട്ടോമൊബൈല്‍ നിര്‍മാണ ബിസിനസുകള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
യു.എസ് പാലുല്‍പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250% മുതല്‍ 390% വരെയുള്ള തീരുവയില്‍ മാറ്റം വരുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. കനേഡിയന്‍ പ്രവിശ്യ വൈദ്യുതി തീരുവ കുറച്ചില്ലെങ്കില്‍ ഏപ്രില്‍ രണ്ട് മുതല്‍ യു.എസിലെത്തുന്ന കാറുകളുടെ താരിഫില്‍ വര്‍ധനവ് നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു.
ഏകദേശം 1.5 ദശലക്ഷം അമേരിക്കക്കാരാണ് ഒന്റാറിയോയില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്നത്. മിനിസോട്ട, ന്യൂയോര്‍ക്ക്, മിഷിഗണ്‍ എന്നിവിടങ്ങളിലേക്കാണ് ഒന്റാരിയോ കൂടുതലായും വൈദ്യുതി നല്‍കുന്നത്.
യു.എസ് വീണ്ടും കാനഡക്കെതിരായ നിലപാട് കടുപ്പിക്കുകയാണെങ്കില്‍ വൈദ്യുതി കയറ്റുമതിക്കുള്ള നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ മടിയില്ലെന്ന് ഒന്റാരിയോ തലവന്‍ ഡഗ് ഫോര്‍ഡ് പറഞ്ഞിരുന്നു.
ഒന്റാരിയോയുടെ നികുതി വര്‍ധനവില്‍ മിനിസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് ട്രംപിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ ശതകോടീശ്വരന്മാര്‍ നയിക്കുന്ന സമ്പദ്‌വ്യവസ്ഥ മിനിസോട്ടക്കാര്‍ക്ക് താങ്ങാനാവില്ലെന്നും ഈ ഭ്രാന്തിന് അറുതി വരുത്തണമെന്നുമാണ് ടിം വാള്‍സ് പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് കാനഡക്കെതിരായ നിലപാട് ട്രംപ് ശക്തമാക്കിയത്.
Content Highlight: Trump angered by Ontario’s action; orders 25% tariff on Canadian imports starting Wednesday