national news
ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷം; ടാര്‍പോളിന്‍ കൊണ്ട് മൂടി 60തിലധികം പള്ളികള്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് 60ലധികം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി ഭരണകൂടം. ഹോളി ആഘോഷങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
ആഘോഷ വേളകളില്‍ പള്ളികളില്‍ നിറങ്ങളാവുന്നത് തടയാനുമൊക്കെയായി മതനേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഹോളി ആഘോഷത്തിനിടെ പലപ്പോഴും അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും അതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു.
ഷാജഹാന്‍പൂരിലെ ജൂട്ടാ മാര്‍ ഹോളി എന്ന ആഘോത്തില് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഘോഷയാത്ര നടത്താറുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ച് ഹോളിയില്‍ ഏര്‍പ്പെടുമെന്നും ഇത്തരത്തില്‍ നിറങ്ങള്‍ പള്ളികളുടെ ചുമരില്‍ വീഴാതിരിക്കാനാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി തീരുമാനമെടുത്തതായും ഷൂസില്‍ അടിക്കുക, നിറം തെറിക്കുക, തുടങ്ങിയ പ്രശ്നങ്ങള്‍ ടാര്‍പോളിന്‍ കെട്ടുന്നതിലൂടെ നികത്താന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രദേശത്തെ മുസ്ലിം സംഘടനകളുടെയും ആളുകളുടെയും പൂര്‍ണ യോജിപ്പോടെയാണ് പള്ളികള്‍ മൂടികെട്ടുന്നതെന്നും സദാസമയം പ്രദേശം നിരീക്ഷണത്തിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡ്രോണുകളും വീഡിയോ ഗ്രാഫിയും വഴി നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും സമാധാന സമിതി അനുമതിയോട് കൂടിയാണ് ക്രമസമാധാന പാലനമെന്നും കനത്ത പൊലീസ് സുരക്ഷയുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Content Highlight: Holi celebrations in Uttar Pradesh; Over 60 mosques covered with tarpaulin