Kerala News
ശരീഅത്ത് പുരുഷ കേന്ദ്രീകൃതം, ഇസ്‌ലാമിക നിയമങ്ങളും ഖുര്‍ആനിലെ നിയമങ്ങളും വെവ്വേറെ; മഹ്‌മൂദ് കൂരിയക്കെതിരെ വിമര്‍ശനവുമായി റഹ്‌മത്തുള്ള ഖാസിമി
കോഴിക്കോട്: ചരിത്ര ഗവേഷകന്‍ മഹ്‌മൂദ് കൂരിയക്കെതിരെ വിമര്‍ശനവുമായി സുന്നി പ്രഭാഷകന്‍ റഹ്‌മത്തുള്ള ഖാസിമി. സുന്നി വിരുദ്ധര്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ദാറുല്‍ ഹുദയില്‍ പഠിച്ച് ഹുദവിയായ മഹ്‌മൂദ് കൂരിയ ഉന്നയിക്കുന്നതെന്ന് റഹ്‌മത്തുള്ള ഖാസിമി ഞായറാഴ്ച നടത്തിയ റമളാന്‍ പ്രഭാഷണത്തില്‍ വിമര്‍ശിച്ചു. 2019ല്‍ കോഴിക്കോട് നടന്ന കെ.എല്‍.എഫ് പരിപാടിയിലെയും 2020 ഫെബ്രുവരിയില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെയും ചില പരാമര്‍ശങ്ങളുടെ പേരിലാണ് മഹ്‌മൂദ് കൂരിയക്കെതിരെ റഹ്‌മത്തുള്ള ഖാസിമി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇസ്‌ലാമിക ശരീഅത്ത് പുരുഷ കേന്ദ്രീകൃതമാണെന്ന മഹ്‌മൂദ് കൂരിയയുടെ പരാമര്‍ശമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങളും ഖുര്‍ആനിലെ നിയമങ്ങളും വെവ്വേറെയാണെന്ന പരാമര്‍ശവും നിയമങ്ങളുണ്ടാക്കിയതിന് പിന്നില്‍ പുരുഷന്‍മാരാണെന്ന പ്രസ്താവനയും വിമര്‍ശനത്തിനുള്ള കാരണമായി ഖാസിമി പറയുന്നു.
2019ലെ കെ.എല്‍.എഫില്‍ വെച്ചാണ് മഹ്‌മൂദ് കൂരിയ ഈ പരാമര്‍ശങ്ങള്‍ നടത്തിയത് എന്നാണ് റഹ്‌മത്തുള്ള ഖാസിമി കുറ്റപ്പെടുത്തുന്നത്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലും മഹ്‌മൂദ് കൂരിയ ഈ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റഹ്‌മത്തുള്ള ഖാസിമി പറഞ്ഞിട്ടുണ്ട്. എന്നാല്‍ റഹ്‌മത്തുള്ള ഖാസിമി പറയുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മഹ്‌മൂദ് കൂരിയ പറയുന്നില്ല (അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇവിടെ ക്ലിക് ചെയ്ത് കാണാം)
എം.ഇ.എസ്, ജമാഅത്തെ ഇസ്‌ലാമി, വിവിധ മുജാഹിദ് സംഘടനകള്‍ ഉള്‍പ്പെടെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് സുന്നി പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച മഹ്‌മൂദ് കൂരിയ ആരോപിക്കുന്നത് എന്നും ഖാസിമി കുറ്റപ്പെടുത്തുന്നു. എന്ത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ, ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഈ പ്രസ്താവനകള്‍ പണ്ഡിതര്‍ ശ്രദ്ധിക്കാതിരുന്നതെന്നും ഖാസിമി ചോദിക്കുന്നു.
സുന്നി പ്രത്യേയശാസ്ത്രത്തിന്റെ അടിത്തറയെ തന്നെ തകര്‍ക്കും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടും സുന്നി പണ്ഡിതരാരും തന്നെ ഇതുവരെ മഹ്‌മൂദ് കൂരിയയെ വിമര്‍ശിച്ചില്ലെന്നും ഖാസിമി പറഞ്ഞു. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളും പാണക്കാട് സാദിഖലി തങ്ങളും ഈ വിഷയം ഗൗരവമായെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാഭൂരിഭാഗം സുന്നികളും ശരിയായ പാതയിലാണെന്നും എന്നാല്‍ ചുരുക്കം ചിലര്‍ വഴിതെറ്റിപ്പോയെന്നും റഹ്‌മത്തുള്ള ഖാസിമി കുറ്റപ്പെടുത്തുന്നു. അവരെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും എന്നാല്‍ ദാറുല്‍ ഹുദയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടിയുണ്ടായില്ലെന്നും റഹ്‌മത്തുള്ള ഖാസിമി കുറ്റപ്പെടുത്തി. 2019ലാണ് മഹ്‌മൂദ് കൂരിയ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും, അദ്ദേഹത്തെ തിരുത്താന്‍ പണ്ഡിതര്‍ക്ക് മതിയായ സമയം ലഭിച്ചെങ്കിലും ആരും അത് ചെയ്തില്ലെന്നും റഹ്‌മത്തുള്ള ഖാസിമി പറഞ്ഞു.
മഹ്‌മൂദ് കൂരിയക്ക് ലഭിച്ച ഇന്‍ഫോസിസിന്റെ അവാര്‍ഡിനെയും റഹ്‌മത്തുള്ള ഖാസിമി വിമര്‍ശിച്ചു. ഇസ്‌ലാമിനെ തര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനമാണ് ഇന്‍ഫോസിസെന്നും മഹ്‌മൂദ് കൂരിയ അതിന് യോഗ്യനാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് അവര്‍ അദ്ദേഹത്തിന് ഫെലോഷിപ്പ് നല്‍കിയതെന്നും റഹ്‌മത്തുള്ള ഖാസിമി കുറ്റപ്പെടുത്തി.
ഇന്‍ഫോസിസിന്റെ അവാര്‍ഡ് നേടിയ മഹ്‌മൂദ് കൂരിയയെ അഭിനന്ദിക്കുന്ന നിലപാടാണ് ദാറുല്‍ഹുദയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റഹ്‌മത്തുള്ള ഖാസിമി പറഞ്ഞു. ദാറുല്‍ ഹുദയെ മോശമായ ഒരു സ്ഥാപനമായി കണുന്നില്ലെന്നും സമസ്തയിലെ പണ്ഡിതന്‍മാര്‍ നടത്തുന്ന സ്ഥാപനം അങ്ങനെ തന്നെ തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഖാസിമി വ്യക്തമാക്കി.
അതേസമയം താന്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അതിലേക്ക് താന്‍ പഠിച്ച ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയെയോ മറ്റു സ്ഥാപനങ്ങളെയോ അധ്യാപകരെയോ വലിച്ചിഴക്കേണ്ടതില്ലെന്നും മഹ്‌മൂദ് കൂരിയ പറഞ്ഞു. കെ.എല്‍.എഫില്‍ ഉള്‍പ്പടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയിലല്ല വായിക്കപ്പെട്ടതെന്നും തെറ്റിധാരണയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ കൂരിയ, നിലവില്‍ യു.കെ.യിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു. മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ചും പൂര്‍വാധുനിക കാലത്തെ ഇസ്ലാമിന്റെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ടും പഠനങ്ങള്‍ നടത്തിയ മഹമൂദ് കൂരിയക്ക് ഇന്‍ഫോസിസിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ് ഇന്ത്യയിലെ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്.
content highlights: Rahmatullah Qasimi criticizes Mahmood Kooria