പോക്‌സോ കേസുകള്‍ ഒത്തുതീര്‍പ്പായെന്ന പേരില്‍ റദ്ദാക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: പോക്‌സോ കേസ് പോലെ ഗൗരവ സ്വഭാവമുള്ള കേസുകള്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിക്ക് അനുകൂലമായി അതിജീവിത പത്രിക നല്‍കിയാലും പ്രതിയും അതിജീവിതയും സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയായും പോക്‌സോ കേസുകള്‍ റദ്ദാക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2016ല്‍ രജിസ്റ്റര്‍ ചെയ്ത് പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച് ഹരജി പരിഗണിക്കവെ ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഈ സുപ്രധാന നിര്‍ദേശം പുറപ്പെടുവിച്ചത്. 2016 ജൂലൈയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ചികിത്സയ്ക്കിടെ കോഴിക്കോട് സ്വദേശിയായ ഡോ. പി.വി. നാരായണന്‍ മോശമായി പെരുമാറി എന്ന പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡോക്ടറുടെ വീടിനോട് ചേര്‍ന്ന ക്ലിനിക്കില്‍ ചികിത്സക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നല്ലളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ മെഡിക്കല്‍ കോളജിലടക്കം ഉന്നതപദവിയില്‍ ഇരുന്ന ആളാണെന്നും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ക്ലിനിക്കില്‍ അന്ന് പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അയല്‍വാസിയായ സ്ത്രീയുടേയും മകളുടെയും സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ പരിശോധിച്ചതെന്നും ഹരജിക്കാരന്‍ വാദിച്ചു.
എന്നാല്‍, ഈ കേസില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ ശക്തമാണെന്നും അതിനാല്‍ ഒത്തുതീര്‍പ്പായെന്ന പേരില്‍ കേസ് റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി പ്രതിയുടെ ഹരജി തള്ളി. ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യക്തിപരമായി കാണാനാവില്ലെന്നും സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlight: POCSO cases cannot be canceled in the name of settlement: High Court