World News
സിറിയയില്‍ താത്കാലിക ഭരണഘടന പ്രഖ്യാപിച്ച് വിമത സര്‍ക്കാര്‍
ഡമസ്‌ക്കസ്: സിറിയയില്‍ താത്കാലിക ഭരണഘടന പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍. ഭരണഘടനാ പ്രഖ്യാപനം സിറിയന്‍ ജനതയുടെ വികസനത്തിന് വഴിയൊരുക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അല്‍ ഷര പറഞ്ഞു. സിറിയയുടെ അടുത്ത അഞ്ച് വര്‍ഷത്തെ നിയന്ത്രിക്കുന്നത് ഈ താത്കാലിക ഭരണഘടനയായിരിക്കും.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനുമുള്ള അവകാശവും രാഷ്ട്രീയ അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നല്‍കുന്നു. രണ്ടാഴ്ച മുമ്പാണ് ഭരണഘടനാ പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാന്‍ അല്‍ ഷര സമിതിയെ നിയോഗിച്ചത്.
മുന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി സിറിയന്‍ ഭരണം പിടിച്ചെടുത്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടാകുന്നത്. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിമത സര്‍ക്കാര്‍ സിറിയന്‍ ഭരണഘടന റദ്ദാക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, അസദുമായി ബന്ധപ്പെട്ട പ്രതീകങ്ങളെ പ്രകീര്‍ത്തിക്കുന്നത് സിറിയയില്‍ ഇനി കുറ്റകരമാണ്.
അതേസമയം മുന്‍ ഭരണഘടനയിലേതിന് സമാനമായി ഇസ്‌ലാം എന്നത് പ്രസിഡന്റിന്റെ മതമാണെന്നും നിയമനിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പീപ്പിള്‍സ് അസംബ്ലിക്കാണെന്നും ഇടക്കാല രേഖയിലും പറയുന്നുണ്ട്. സ്ഥിരം ഭരണഘടന തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിക്കുമെന്നും അല്‍ ഷര അറിയിച്ചു.
നേരത്തെ സിറിയയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇനിയും നാല് വര്‍ഷം കാത്തിരിക്കണമെന്ന് ജുലാനി പറഞ്ഞിരുന്നു. രാജ്യത്ത് യോഗ്യരായ വോട്ടര്‍മാരുടെ എണ്ണം കൃത്യമായി മനസിലാക്കി പുതിയ സെന്‍സസ് നടത്തേണ്ടതിനാല്‍ നാല് വര്‍ഷത്തെ സാവകാശം വേണമെന്നും ജുലാനി അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് പുറമെ പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ മൂന്ന് വര്‍ഷം വരെ എടുക്കുമെന്നും ജൂലാനി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇടക്കാല ഭരണഘടനയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്.
ഇടക്കാല സര്‍ക്കാരിന്റെ സുരക്ഷാ സേനയും അസദിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് അല്‍ ഷര ഭരണഘടന പ്രഖ്യാപിച്ചത്. അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷം ആദ്യമായി നടന്ന ഏറ്റുമുട്ടലായിരുന്നു ഇത്. ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് മരണമാണ് സിറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Syria leader signs temporary constitution for five-year transition