national news
മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ സമ്മേളനം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് സ്റ്റാലിന്റെ ക്ഷണം
ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
ഇന്ന് (വെള്ളി) തമിഴ്‌നാട് ഐ.ടി വകുപ്പ് മന്ത്രി പഴനിവേല്‍ ത്യാഗരാജനും എം.പിയായ തമിഴാച്ചി തങ്കപാണ്ഡ്യനും തിരുവനന്തപുരത്തെത്തി സ്റ്റാലിന്റെ ക്ഷണക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ തമിഴ്‌നാടിനോടൊപ്പം കേരളമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ കഴിഞ്ഞ ദിവസം എം.കെ. സ്റ്റാലിന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് 2056 വരെയെങ്കിലും മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കരുതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റാലിനോടൊപ്പം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടില്ല.
ഇതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കളെ അണിനിരത്താന്‍ സ്റ്റാലിന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ ഡി.എം.കെ നേതാക്കള്‍ നേരിട്ടെത്തി സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെയും നേതാക്കളെയുമാണ് ഡി.എം.കെ സര്‍ക്കാര്‍ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഒരു മന്ത്രിയും എം.പിയും അടങ്ങുന്ന സംഘം സംസ്ഥാനങ്ങളില്‍ നേരിട്ടെത്തിയാണ് നേതാക്കളെ ക്ഷണിച്ചത്.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ബി.ആര്‍.എസ് നേതാവും മുന്‍ തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ടി. രാമറാവു, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായാണ് വിവരം.
ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് രേവന്ത് റെഡ്ഡി അറിയിച്ചത്. ഒഡീഷ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.ഡി തലവനുമായ നവീന്‍ പട്നായിക് ചെന്നൈ സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ ഡി.എം.കെ സംഘം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരെയും മുസ്ലിം ലീഗ് നേതാക്കളെയും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് എം.പിമാരെയും നേതാക്കളെയും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി ക്ഷണിച്ചിട്ടുണ്ടെന്നും ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: Stalin invites opposition leaders including Pinarayi Vijayan to meeting against constituency re-delimitation