തുഷാര്‍ ഗാന്ധിയെ തടഞ്ഞുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ആദരിച്ച് ബി.ജെ.പി
തിരുവനന്തപുരം: ആര്‍.എസ്.എസിനെ വിമര്‍ശിച്ചെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ഗാന്ധിയനുമായ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആദരിച്ച് ബി.ജെ.പി.
കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട പ്രവര്‍ത്തകരെയാണ് ബി.ജെ.പി ആദരിച്ചത്. നെയ്യാറ്റിന്‍കരയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍വെച്ച് തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ വെച്ചായിരുന്നു അനുമോദനം.
തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. വഴി തടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അസത്യമാണെന്ന് തോന്നിയതിനാലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. അല്ലാതെ രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ തുഷാര്‍ ഗാന്ധി ആരാണെന്നും അദ്ദേഹം ചോദിച്ചു.
അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോഴാണ് തുഷാര്‍ ഗാന്ധിക്കെതിരെ സംഘപരിവാര്‍ പ്രതിഷേധം അരങ്ങേറിയത്. രാജ്യത്തിന്റെ ആത്മാവിനെ ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആ ക്യാന്‍സറാണ് ആര്‍.എസ്.എസ് എന്ന തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
പ്രസംഗത്തിന് പിന്നാലെ പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തെ തടഞ്ഞ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രസംഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലാത്തപക്ഷം ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.
എന്നാല്‍ പ്രതിഷേധം വകവെക്കാതിരുന്ന തുഷാര്‍ ഗാന്ധി, ‘ഗാന്ധിജി സിന്ദാബാദ്, ആര്‍.എസ്.എസ് മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിയ ശേഷം കാറില്‍ കയറി പോവുകയായിരുന്നു.
തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ സിപി.ഐ.എമ്മും കോണ്‍ഗ്രസുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Content Highlight: BJP honors Sangh Parivar workers who detained Tushar Gandhi