national news
മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ ബാബറി മോഡൽ നടപടി; ഹിന്ദു സംഘടനകളുടെ ഭീഷണി
പൂനെ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ മറ്റൊരു ബാബറി മസ്ജിദ് ആവർത്തിക്കുമെന്നും അവർ ഭീഷണി ഉയർത്തി.
ഖുൽദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. ശവകുടീരത്തിന് ചുറ്റും പൊലീസ് സേനയെ വിന്യസിച്ച് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര സർക്കാർ ഉടൻ തന്നെ ശവകുടീരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും ആവശ്യമെങ്കിൽ റോഡുകൾ ഉപരോധിക്കുമെന്നും കർസേവയിലൂടെ ശവകുടീരം പൊളിച്ചുമാറ്റുമെന്നും തീവ്ര ഹിന്ദുത്വ സംഘടനകൾ മുന്നറിയിപ്പ് നൽകി.
ഔറംഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും ക്രൂരതകളുടെയും ഓർമപ്പെടുത്തലാണെന്ന് വി.എച്ച്.പി മേഖലാ തലവൻ കിഷോർ ചവാൻ, ബജ്‌റംഗ്ദൾ മേഖലാ കോർഡിനേറ്റർ നിതിൻ മഹാജൻ, സന്ദേശ് ഭെഗ്‌ഡെ എന്നിവർ പറഞ്ഞു.
മഹാരാഷ്ട്രയിലുടനീളമുള്ള തഹസിൽദാർമാരുടെയും ജില്ലാ കളക്ടർമാരുടെയും ഓഫീസുകൾക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഒരു നിവേദനം സമർപ്പിക്കുമെന്നും വി.എച്ച്.പി പറഞ്ഞു.
ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിൽ നിന്നുള്ള മന്ത്രി സഞ്ജയ് ഷിർസാത്ത്, വി.എച്ച്.പിയുടെയും ബജ്‌റംഗ്ദളിന്റെയും ആവശ്യത്തെ പിന്തുണച്ചു. ശവകുടീരം നീക്കം ചെയ്യണമെന്നതിൽ തന്റെ പാർട്ടി ഉറച്ചു വിശ്വസിക്കുന്നു എന്ന് സഞ്ജയ് ഷിർസാത്ത് പറഞ്ഞു. ജനങ്ങളെ അടിച്ചമർത്തുന്നതിൽ കുപ്രസിദ്ധനായ ഒരു ഭരണാധികാരിയുടെ ശവകുടീരം എന്തിന് സംരക്ഷിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച് ബി.ജെ.പി മന്ത്രി നിനേഷ് റാണെ മുൻ എം.പി നവനീത് റാണ എന്നിവർ രംഗത്തെത്തിയിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നിയമപരമായ വഴികളിലൂടെ പൊളിക്കൽ നടപടികൾ നടപ്പാക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. ഛത്രപതി സംഭാജി നഗറിലെ കുൽദാബാദിൽ സ്‌ഥിതി ചെയ്യുന്ന സ്‌മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) സംരക്ഷണത്തിലാണ്.
കഴിഞ്ഞ ആഴ്ചയിൽ മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി എം.എൽ.എ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും അദ്ദേഹത്തിനെതിരെ നിരവധി എഫ്.ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയെ ക്രൂരനോ, സ്വേച്ഛാധിപതിയോ, അസഹിഷ്ണുതയുള്ളവനോ ആയ ഒരു ഭരണാധികാരിയായി താൻ കാണുന്നില്ലെന്ന് ആസ്മി പറഞ്ഞിരുന്നു.
Content Highlight: Hindu outfits threaten ‘Babri-like’ action if Aurangzeb tomb in Maharashtra not razed