national news
പരിസ്ഥിതി സംരക്ഷണത്തെപ്പോലെ തന്നെ പ്രധാനമാണ് വികസനം; ഓറോവിൽ ടൗൺഷിപ്പ് പദ്ധതി വിലക്കിയ എൻ.ജി.ടി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂദൽഹി: പുതുച്ചേരിയിലെ ടൗൺഷിപ്പിലെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ഓറോവിൽ ഫൗണ്ടേഷനെ വിലക്കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി.
പരിസ്ഥിതി അനുമതി ലഭിക്കുന്നതുവരെ ഫൗണ്ടേഷന്റെ വികസന പ്രവർത്തനങ്ങളെ വിലക്കിക്കൊണ്ടുള്ള എൻ.ജി.ടി ദക്ഷിണ മേഖല ബെഞ്ച് 2022 ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഓറോവിൽ ഫൗണ്ടേഷൻ സമർപ്പിച്ച അപ്പീൽ പരിശോധിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് എൻ.ജി.ടി ഉത്തരവ് റദ്ദാക്കിയത്. പരിസ്ഥിതി സംരക്ഷണം പോലെ തന്നെ പ്രധാനമാണ് വികസനവുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ത്രിവേദി പറഞ്ഞു.
‘പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരുവളുടെ അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നത് ശരിയാണ്. അതേസമയം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 വികസനത്തിനും ഒരുപോലെ മുൻഗണന നൽകുന്നു. അതിനാൽ ഇവ രണ്ടും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം,’ ജസ്റ്റിസ് ത്രിവേദി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു നിയമത്തിന്റെയും ലംഘനം ഈ കേസിൽ നടന്നിട്ടില്ലെന്നും അതിനാൽ, വ്യക്തമായി അന്വേഷണം നടത്താതെ നിർദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചതിലൂടെ ദേശീയ ഹരിത ട്രിബ്യൂണൽ ഗുരുതരമായ തെറ്റ് ചെയ്തുവെന്ന് കോടതി കണ്ടെത്തി.
അധികാരപരിധിയില്ലാതെ പാസാക്കിയതെന്നും നിയമപരമായി അംഗീകരിക്കാൻ കഴിയില്ല എന്നും പറഞ്ഞുകൊണ്ട് കോടതി ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾ റദ്ദാക്കി.
ഓറോവിൽ ഫൗണ്ടേഷൻ വൻതോതിൽ മരങ്ങൾ മുറിക്കുന്നത് ചോദ്യം ചെയ്ത് നവ്‌റോസ് കെർസാസ്പ് മോഡി എന്നയാൾ സമർപ്പിച്ച അപേക്ഷയിലാണ് എൻ.ജി.ടി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രദേശം വനമേഖലയാണെന്നും ഫൗണ്ടേഷന്റെ പദ്ധതി വന നാശത്തിന് കാരണമാകുന്നുണ്ടെന്നും അപേക്ഷകൻ പരാതിപ്പെട്ടു.
Content Highlight: Supreme Court Sets Aside NGT Bar On Auroville Township Project, Says Development Equally Important As Environment Protection