ഇസ്‌ലാമിക ഭീകരത ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഭീഷണി: തുളസി ഗബ്ബാര്‍ഡ്
ന്യൂദല്‍ഹി: ലോകത്ത് വര്‍ധിച്ചു വരുന്ന ഇസ്‌ലാമിക ഭീകരത ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഭീഷണിയെന്ന് യു.എസ് ദേശീയ രഹസ്യാനേഷണ ഏജന്‍സി മേധാവി തുളസി ഗബ്ബാര്‍ഡ്. അതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും തുളസി ഗബ്ബാര്‍ഡ് ആവശ്യപ്പെട്ടു.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യക്കെതിരെ അടിക്കടിയുണ്ടാവുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ മിഡില്‍ ഈസ്റ്റിലും ഇസ്‌ലാമിക ഭീകരത ആശങ്ക സൃഷ്ടിക്കുന്നതായും തുളസി ഗബ്ബാര്‍ഡ് ചൂണ്ടിക്കാട്ടി.
‘പ്രസിഡന്റ് ട്രംപ് തന്റെ ആദ്യ ഭരണത്തിലൂടെയും ഇപ്പോഴത്തെ ഭരണത്തിലൂടെയും അമേരിക്കന്‍ ജനതയ്ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്ന ഇസ്‌ലാമിക ഭീകരതയെ പരാജയപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്.
ഇന്ത്യയിലും ബംഗ്ലാദേശിലും, നിലവില്‍ സിറിയയിലും ഇസ്രഈലിലും മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലും ഇസ്‌ലാമിക ഭീകരത എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. പ്രധാനമന്ത്രി മോദിയും ഗൗരവമായി കാണുന്ന ഒരു ഭീഷണിയാണിത്. അത് തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ നമ്മുടെ നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും,’ തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.
അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി തുള്‍സി ഗബ്ബാര്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍, ഖാലിസ്ഥാനി സംഘടനയായ എസ്.എഫ്.ജെ (സിഖ് ഫോര്‍ ജസ്റ്റിസ്) അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ സംഘടനയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ യു.എസ് അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടതായും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബഹുരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള അവരുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയായും ഇന്ത്യന്‍ വംശജയായ തുളസി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാ കുംഭമേളക്കിടെ ശേഖരിച്ച ഗംഗാ ജലം നല്‍കിയാണ് യു.എസ് പ്രതിനിധിയെ മോദി സ്വീകരിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്.
Content Highlight: Islamic terrorism is a threat to both India and America: Tulsi Gabbard