ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ടുകള്‍ക്ക് തീപിടച്ച സംഭവത്തില്‍ ട്വിസ്റ്റ്; തീപിടച്ചത് സ്റ്റേഷനറി സാധനങ്ങള്‍ക്കെന്ന് ഫയര്‍ ഫോഴ്‌സ്
ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ തീപ്പിടുത്തത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ട്വിസ്റ്റ്. തുടക്കത്തില്‍ ജഡ്ജിയുടെ വീട്ടില്‍ നിന്ന് 15 കോടിയോളം രൂപ അഗ്നിശമന സേന അംഗങ്ങള്‍ കണ്ടെടുത്തു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ തീപ്പിടുത്തത്തില്‍ കണ്ടെത്തിയത് സ്റ്റേഷനറി സാധങ്ങളാണെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി അതുല്‍ ഖാര്‍ഗെ വ്യക്തമാക്കി.
‘തീ അണച്ച ഉടന്‍ തന്നെ ഞങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഒരു സംഘം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് നിന്ന് പോയി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പണമൊന്നും കണ്ടെത്തിയില്ല,’ ഡി.എഫ്.എസ് മേധാവി പറഞ്ഞു.
മാര്‍ച്ച് 14ന് ഹോളിയോട് അനുബന്ധിച്ച് രാത്രി 11:43നാണ് അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയത്. സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍ എന്നിവ നിറഞ്ഞ ഒരു സ്റ്റോര്‍റൂമിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് 15 മിനിറ്റോളം എടുത്തുവെന്നും ഫയര്‍ ഫോഴ്‌സ് മേധാവി പറഞ്ഞു.
തീ അണച്ചയുടനെ, അഗ്നിശമന സേന പൊലീസിനെ സ്ഥിതിഗതികള്‍ അറിയിക്കുകയാണുണ്ടായതെന്നും അല്ലാതെ പണം ഒന്നും കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി ഹെക്കോടതി ജഡ്ജി യശ്വന്ത് സിന്‍ഹയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു.
2021ലാണ് ജസ്റ്റിസ് വര്‍മ ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത്. യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍ കൊളീജിയം വിളിച്ചു ചേര്‍ക്കുകയും യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: Twist in the incident where bundles of banknotes were set on fire at a judge’s house; Fire Force says the fire was caused by stationery items