World News
യെമനിലെ യുദ്ധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ഗ്രൂപ്പില്‍ പത്രപ്രവര്‍ത്തകനെയും ഉള്‍പ്പെടുത്തി; ക്ഷമാപണവുമായി യു.എസ് ഉദ്യോഗസ്ഥന്‍
വാഷിങ്ടണ്‍: യെമനിലെ ഹൂത്തികള്‍ക്കെതിരായ യു.എസ് യുദ്ധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ ക്ഷമാപണവുമായി യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ സുരക്ഷ ഉപദേഷ്ടാവായ മൈക്കല്‍ വാള്‍ട്ട്‌സ് എന്നാല്‍ എങ്ങനെയാണ് ഇപ്രകാരം ഒരു തെറ്റ് പറ്റിയതെന്ന് അറിയില്ലെന്നും വ്യക്തമാക്കി.
യെമനിലെ യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മറ്റ് ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ എന്നിവരാണുണ്ടായിരുന്നത്. മെസേജിങ് ആപ്പായ സിഗ്നലിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പിലേക്കാണ് തന്നെ ആഡ് ചെയ്തതായി അറ്റ്‌ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി ഗോള്‍ഡ്ബെര്‍ഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ രാജ്യസുരക്ഷയെപ്പോലുും അപകടത്തിലാക്കി എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത മൈക്ക് വാല്‍ട്ട്‌സ് മറ്റൊരു സ്റ്റാഫിനും ഈ വീഴ്ച്ചയില്‍ പങ്കില്ലെന്ന് വ്യക്തമാക്കി.
‘ഇത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. ഇലോണ്‍ മസ്‌കുമായി ഈ വിഷയത്തില്‍ കൂടിയാലോചന നടത്തിയിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചുവെന്നതെന്ന പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് ഏറ്റവും മികച്ച ടെക്‌നോളജി ടീമുണ്ട്. ഒരു സ്റ്റാഫല്ല ഇതിന് ഉത്തരവാദി. ഞാന്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാനാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. എല്ലാം കൃത്യമായി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് എന്റെ ജോലി,’ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു.
ഹൂത്തികള്‍ക്കെതിരായ ആക്രമണം ആരംഭിക്കുന്നതിന് കുറച്ച് മുമ്പാണ് ആയുധങ്ങളെയും ആക്രമണത്തിന്റെ ഘട്ടങ്ങളെയും ലക്ഷ്യസ്ഥാനങ്ങളെയും കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതെന്നാണ് ഗോള്‍ഡ്ബെര്‍ഗ് പറഞ്ഞത്. എന്നാല്‍ ഹെഗ്‌സെത്ത് പുറത്തുവിട്ട എല്ലാ വിവരങ്ങളും ഗോള്‍ഡ്ബെര്‍ഗ് വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് വാള്‍ട്ട്‌സിനെ ന്യായീകരിച്ചു. തെറ്റില്‍ നിന്ന് പാഠം പഠിച്ച നല്ല മനുഷ്യനായി വാട്‌സ് മാറിയെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഒരേയൊരു പിഴവാണിതെന്നും അത് ഗുരുതരമല്ലെന്ന് തെളിഞ്ഞെന്നും പറഞ്ഞ് ട്രംപ് വിഷയത്തെ ന്യായീകരിക്കുകയാണുണ്ടായത്.
Content Highlight: Journalist included in group discussing war strategies in Yemen; US National security advisor apologizes