100 മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല; ബംഗ്ലാദേശും പാകിസ്ഥാനും നോക്കൂ: യോഗി ആദിത്യനാഥ്
ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിങ്ങളും സുരക്ഷിതരാണ്. 100 മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശും പാകിസ്ഥാനും അതിന് ഉദാഹരണമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു യോഗി.
എന്നാല്‍ നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്‌ലിം കുടുംബത്തിന് മതപരമായ സ്വാതന്ത്ര്യമുണ്ടെന്നും കാരണം ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരാണെന്നും യു.പി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2017 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം യു.പി ഒരു വര്‍ഗീയ കലാപത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും യോഗി അഭിപ്രായപ്പെട്ടു.
‘യു.പിയില്‍ ഇപ്പോള്‍ ഏറ്റവും സുരക്ഷിതര്‍ മുസ്‌ലിങ്ങളാണ്. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയില്‍ കലാപങ്ങളുണ്ടായിരുന്നെങ്കില്‍, ഹിന്ദു കടകള്‍ കത്തിയാല്‍, മുസ്‌ലിം കടകളും കത്തുമായിരുന്നു. ഹിന്ദു വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്‌ലിം വീടുകളും കത്തിയിരുന്നു. 2017 ന് ശേഷം കലാപങ്ങള്‍ നിലച്ചു,’ യോഗി കൂട്ടിച്ചേര്‍ത്തു.
താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന്‍ മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും താന്‍ വിശ്വസിക്കുന്നതെന്നും യോഗി പറയുകയുണ്ടായി.
ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മമെന്നും, ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ലോക ചരിത്രത്തില്‍ ഉദാഹരണങ്ങളൊന്നുമില്ലെന്നും യോഗി വ്യക്തമാക്കി.
അതിനാല്‍ ഇന്ത്യന്‍ പൈതൃകത്തിന്റെ പ്രതീകങ്ങളായ ഹിന്ദു ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നത് സര്‍ക്കാര്‍ തുടരമെന്നും യു.പി മുഖ്യമന്ത്രി അവകാശപ്പെട്ടു.
Content Highlight: 50 Hindus cannot live safely among 100 Muslim families; look at Bangladesh and Pakistan: Yogi Adityanath