World News
ഇന്ത്യയും ചൈനയും അമേരിക്കയിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നു; ആരോപണവുമായി യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
വാഷിങ്ടൺ: അമേരിക്കയിൽ ക്രിമിനൽ സംഘടനകൾക്ക് നിയമവിരുദ്ധമായ ഫെന്റനൈൽ മയക്കുമരുന്ന് ഉത്പാദനത്തിനായി രാസവസ്തുക്കൾ നേരിട്ടും അല്ലാതെയും വിതരണം ചെയ്യാൻ സഹായിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെയും ചൈനയെയും ഉൾപ്പെടുത്തി യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. നേരിട്ടോ അല്ലാതെയോ ഇന്ത്യയും ചൈനയും യു.എസിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ ചൊവ്വാഴ്ച (മാർച്ച് 25) പുറത്തിറക്കിയ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.
മറ്റ് സിന്തറ്റിക് ഒപിയോയിഡുകൾക്കൊപ്പം ഫെന്റനൈലും അമേരിക്കയിലേക്ക് കടത്തപ്പെടുന്ന ഏറ്റവും മാരകമായ മയക്കുമരുന്നാണ്. കൂടാതെ കഴിഞ്ഞ 12 മാസത്തിനുള്ളിൽ 52,000ത്തിലധികം അമേരിക്കക്കാരുടെ ജീവൻ ഈ ലഹരി അപഹരിച്ചതായും യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ ത്രെറ്റ് അസ്സെസ്സ്മെന്റ് റിപ്പോർട്ട് പറയുന്നു.
‘മയക്കുമരുന്ന് കടത്തുകാർക്ക് നേരിട്ടും അല്ലാതെയും പലവിധ സഹായങ്ങൾ നൽകിക്കൊണ്ട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നു. നിയമവിരുദ്ധമായ ഫെന്റനൈൽ രാസവസ്തുക്കളുടെയും ഗുളികകൾ പൊടിക്കുന്ന ഉപകരണങ്ങളുടെയും പ്രാഥമിക ഉറവിട രാജ്യം ചൈനയാണ്, തൊട്ടുപിന്നിൽ ഇന്ത്യയാണ്,’ യു.എസ് നാഷണൽ ഇന്റലിജൻസ് (ഡി.എൻ.ഐ) ഡയറക്ടർ തുൾസി ഗബ്ബാർഡിന്റെ ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
ഓപിയോയിഡ് ഫെന്റനൈൽ നിർമിക്കാൻ മയക്കുമരുന്ന് കാർട്ടലുകൾ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിതരണത്തിൽ ഇന്ത്യ ചൈനയുടെ അതേ നിലയിൽ എത്തുന്നത് ഇതാദ്യമായാണ്.
കഴിഞ്ഞ വർഷത്തെ ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിൽ വളരെ കുറച്ച് മാത്രം സഹായം ചെയ്യുന്ന നിരവധി രാജ്യങ്ങളിൽ ഒന്നായായിരുന്നു ഇന്ത്യയെ പരാമർശിച്ചിരുന്നത്. എന്നാൽ അന്നും ചൈന പ്രാഥമിക വിതരണക്കാരനാണെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തൽ.
ഫെബ്രുവരി ഒന്നിന് അമേരിക്കയിലേക്ക് ലഹരി എത്തിക്കുന്നുവെന്നാരോപിച്ച് ചൈനയ്ക്ക് 10% അധിക തീരുവയും, അതിർത്തിയിൽ മതിയായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് കാനഡയ്ക്കും മെക്സിക്കോയ്ക്കും 25% അധിക തീരുവയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹം ചുമത്തി.
അതേസമയം ട്രംപ് പുതുതായി പ്രഖ്യാപിച്ച, ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന പരസ്പര ഇറക്കുമതി താരിഫുകളിൽ ചിലത് ഒഴിവാക്കാൻ ഒരു സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കാൻ ഇന്ത്യ യു.എസുമായി ചർച്ചകൾ നടത്തിവരികയാണ്.
Content Highlight: US Intel Report Names India, Along With China, as ‘State Actors’ Enabling Drug Trafficking