Trending
ഒബാമയെയും മിഷേലിനെയും കുരങ്ങന്മാരായി ചിത്രീകരിച്ച് ട്രംപിന്റെ വീഡിയോ പോസ്റ്റ്; വെറുപ്പുളവാക്കുന്നതെന്ന് വിമര്‍ശനം
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെയും പങ്കാളി മിഷേല്‍ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ പങ്കിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദി ട്രൂത്ത് സോഷ്യലില്‍ വ്യാഴാഴ്ചയാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ട്രംപിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു.
ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ബാലറ്റ് എണ്ണല്‍ കമ്പനിയായ ഡോമിനിയന്‍ വോട്ടിങ് സിസ്റ്റം ശ്രമിച്ചെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു.
ഈ വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമയുടെയും മിഷേലിന്റെയും മുഖം കുരങ്ങന്മാരുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ച വീഡിയോ ക്ലിപ് ചേര്‍ത്തിരിക്കുന്നത്. ”ദ ലയണ്‍ സ്ലീപ് ടുനൈറ്റ്’ എന്ന ഗാനം പിന്നണിയില്‍ പാടുന്നതായാണ് വീഡിയോ. ഒരു സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ ക്ലിപ്പ്.
U.S. President Donald Trump posted this on Truth Social, which featured the Obamas as monkeys. pic.twitter.com/f0ovYjPnDy
— Open Source Intel (@Osint613) February 6, 2026
അതേസമയം, ട്രംപിന്റെ ഈ നടപടി വെറുപ്പുളവാക്കുന്നതാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പ്രതികരിച്ചു.
‘പ്രസിഡന്റിന്റേത് വെറുപ്പുളവാക്കുന്ന നടപടിയാണ്. ഓരോ റിപ്പബ്ലിക്കനും ഒട്ടും വൈകാതെ സംഭവത്തില്‍ അപലപിക്കണം’, ഗാവിന്‍ എക്‌സില്‍ കുറിച്ചു.
ട്രംപിന്റെ കടുത്ത വിമര്‍ശകനും 2028 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള വ്യക്തിയുമാണ് ഗാവിന്‍.
ട്രംപിനെ ചരിത്രം ഒരു കളങ്കമായി കണക്കാക്കുമെന്നും വംശീയവാദിയായി മുദ്രകുത്തുമെന്നും യു.എസ് മന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് വിമര്‍ശിച്ചു.
‘ബരാക്ക് ഒബാമയെയും മിഷേല്‍ ഒബാമയെയും ഭാവിയില്‍ അമേരിക്കക്കാര്‍ പ്രിയപ്പെട്ട വ്യക്തികളായി തെരഞ്ഞെടുക്കുകയും ട്രംപിനെ ചരിത്രത്തിലെ ഒരു കളങ്കമായി കണക്കാക്കുയും ചെയ്യും’, ഒബാമയുടെ അനുയായി കൂടിയായ റോഡ്‌സ് എക്‌സിലൂടെ പ്രതികരിച്ചു.
അമേരിക്കന്‍ ചരിത്രത്തിലെ ഏക കറുത്തവര്‍ഗക്കാരനായ പ്രസിഡന്റാണ് ബരാക്ക് ഒബാമ. രണ്ട് തവണ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlight: Trump posts video depicting Obama and Michelle as monkeys; Critics says it’s disgusting




