റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കി; യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടണ്‍: ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.
റഷ്യയുടെ എണ്ണയ്ക്ക് മേല്‍ യു.എസ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകളില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിലെ പ്രതിജ്ഞാബദ്ധത ഇന്ത്യ പ്രകടിപ്പിച്ചെന്നും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.
യൂറോപ്പും അനുകൂലമായാണ് മുന്നോട്ട് പോകുന്നതെന്ന് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെ മാര്‍ക്കോ റൂബിയോ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടി.എ.എസ്.എസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുടെ ഊര്‍ജമേഖലയ്ക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നതിനായാണ് ഉപരോധങ്ങള്‍ ശക്തമാക്കുന്നതെന്നാണ് യു.എസ് വിശദീകരണം.
അതേസമയം, ആഗോള എണ്ണ വിപണി സങ്കീര്‍ണമാണെന്നും കമ്പനികള്‍ സ്വന്തം താത്പര്യ പ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ലഭ്യത, ചെലവുകള്‍, അപകട സാധ്യതകള്‍ എന്നിവ വിലയിരുത്തുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരാണ് പറയുന്നതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അത്തരം പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.
Content Highlight: US Secretary of State about India’s commitment to stop buying additional Russian oil




