Trending
ആണവ കരാറിനുള്ള പാത തുറന്നു; മാര്‍ഗനിര്‍ദേശ തത്വങ്ങളില്‍ ധാരണയായി: യു.എസുമായുള്ള ചര്‍ച്ചയില്‍ ഇറാന്‍
ജനീവ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസുമായി ഒരു കരാറിന്റെ പാതയിലാണ് രാജ്യമെന്ന് വിശദീകരിച്ച് ഇറാന്‍. ചര്‍ച്ചയില്‍ പ്രധാന മാര്‍ഗനിര്‍ദേശ തത്വങ്ങളില്‍ ധാരണയിലെത്തിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
എന്നാല്‍ ഇനിയും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സ്വിറ്റ്സര്‍ലന്റ് തലസ്ഥാനമായ ജനീവയില്‍ വെച്ച് നടന്ന രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അരാഗ്ചി.
അതേസമയം, ഈ പുരോഗതി അര്‍ത്ഥമാക്കുന്നത് കരാറില്‍ ഉടന്‍ എത്തുമെന്നല്ലെന്നും അതിനുള്ള പാത തുറന്നിട്ടുണ്ടെന്നുമാണെന്നും അദ്ദേഹം വിശദീകരിച്ചു. ക്രിയാത്മകമായിരുന്നു ചര്‍ച്ചയെന്നും അരാഗ്ചി വിശേഷിപ്പിച്ചു. മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ഇരു രാഷ്ട്രങ്ങളും സമ്മതമറിയിച്ചിട്ടുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
2018 ആണവ കരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നെന്നും അരാഗ്ചി പറഞ്ഞു.
ജൂണില്‍ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് യു.എസ് പിന്തുണ നല്‍കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
ടെഹ്റാന്‍ ആണവായുധം നിര്‍മിക്കാനോ വാങ്ങാനോ ശ്രമിക്കുന്നില്ല.
ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യമെന്ന നിലയ്ക്ക് ആണവ സമ്പൂഷ്ടീകരണത്തിനും ഉത്പാദനത്തിനും ഗവേഷണത്തിനുമുള്ള അവകാശം അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയില്‍ നിന്നും യു.എസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, ടെഹ്‌റാനില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ‘ഭരണമാറ്റം’ ആയിരിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍, അതേസമയം ഇറാനിലെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കയുടെ ഏതൊരു ശ്രമവും പരാജയപ്പെടുത്തുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ തിരിച്ചടിച്ചു.
ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ജനീവ ചര്‍ച്ചകളില്‍ അരാഗ്ചിക്കൊപ്പം, യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Path to a deal opened; Guiding principles agreed upon: Iran in talks with US




