ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക, കട്ടിളപാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.
കട്ടിളപാളി കേസിലാണ് തന്ത്രിയെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ദ്വാരപാലക കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. നിലവില്‍ അറസ്റ്റിലായി 41ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.
നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാല് പേര് പുറത്തുവന്നിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് അടക്കമാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കസ്റ്റഡി 90 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സ്വാഭാവികമായി ജാമ്യം ലഭിക്കുക.
ഉണ്ണികൃഷ്ണന് പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം പിന്നീട് സ്വര്‍ണക്കൊള്ളയിലേക്ക് എത്തിച്ചുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കിയിരുന്നു.
തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയാണ് സ്വകാര്യബാങ്കില്‍ നിക്ഷേപമായി ഉള്ളത്. ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും. ദേവസ്വം ബോര്‍ഡില്‍ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്.ഐ.ടി വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ലെന്നാണ് നിഗമനം.
വസ്തുവകകള്‍ ദുരുപയോഗം ചെയ്യുക, വിശ്വാസ വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്കറോ വ്യാപാരിയോ അല്ലെങ്കില്‍ ഏജന്റോ നടത്തുന്ന വിശ്വാസ വഞ്ചന, കോടതി രേഖകളിലോ പൊതുരജിസ്ട്രറിലോ വ്യാജരേഖ ചമയ്ക്കല്‍, വിലപ്പെട്ട രേഖകളോ വില്പത്രമോ വ്യാജമായി നിര്‍മിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, പൊതുവായ ഉദ്ദേശത്തിനായി ഒന്നിലധികം പേര് നടത്തുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് രാജീവര്‍ക്കെതിരെ കേസെടുത്തത്.
Content Highlight: Sabarimala gold theft case; Thantri Kandararu Rajeevaru gets bail




